ഇന്ത്യക്ക് മേല്‍ യാത്രാനിരോധനം മുറുകുന്നു: കൂടുതല്‍ രാജ്യങ്ങള്‍ വിലക്കിയേക്കും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം. ഇതാണ് ഇന്ത്യക്കുമേല്‍ മറ്റ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം

Update:2021-04-23 12:27 IST

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നതോടെ ഇന്ത്യക്കുമേല്‍ യാത്രാ നിരോധനമേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍. ഗള്‍ഫ് മേഖലയില്‍നിന്ന് യുഎഇ പത്ത് ദിവസത്തേക്കാണ് ഇന്ത്യക്കുമേല്‍ യാത്രാ നിരോധനമേര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. കഴിഞ്ഞദിവസം ഒമാന്‍ അനിശ്ചിതകാലത്തേക്ക് ഇന്ത്യയ്ക്കുമേല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഗള്‍ഫ് മേഖലയില്‍നിന്നുള്ള കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്ര വിലക്കിയേക്കും.

അതേസമയം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കാനഡയും യാത്രാ നിരോധനമേര്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഒരുമാസത്തേക്കാണ് കാനഡ വിലക്കേര്‍പ്പെടുത്തിയത്. ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് കാനഡയില്‍ താമസിക്കുന്നത്. ഹോങ്കോംഗും ഇന്ത്യക്കുമേല്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂര്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. ഓസ്‌ട്രേലിയയും ഇന്ത്യക്കുമേല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
യാത്രാവിലക്കില്‍ കുടുങ്ങി വിദ്യാര്‍ത്ഥികളും പ്രവാസികളും
വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ യാത്രാ നിരോധനവും വിലക്കും പ്രഖ്യപിച്ചതോടെ ഏറെ ബുദ്ധിമുട്ടിലായത് വിദ്യാര്‍ത്ഥികളും പ്രവാസികളും. യുകെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യുകെയിലേക്ക് പോകാനിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വെട്ടിലായത്. കാനഡയിലേക്കും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനാവശ്യാര്‍ത്ഥമെത്തുന്നുണ്ട്. നേരത്തെ തന്നെ ഇന്ത്യക്കാരെ അനൗദ്യോഗികമായി തന്നെ കാനഡ വിലക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഗള്‍ഫ് മേഖലയില്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതും കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണമേര്‍പ്പെടുത്തുമെന്നതും പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. സഊദി യാത്രാ വിലക്ക് പിന്‍വലിക്കാത്തതിനാല്‍ തന്നെ പലരും ബഹ്‌റൈനും യുഎഇയും അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ് സഊദിയിലേക്ക് പോയിരുന്നത്. ഇതിന് ഭീമമായ തുകയും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങള്‍ കൂടി യാത്രാവിലക്കിലേക്ക് നീങ്ങിയാല്‍ ലക്ഷക്കണക്കിന് പ്രവാസികളെയാകും ബാധിക്കുക.


Tags:    

Similar News