തമിഴ്‌നാട്ടില്‍ 3500 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനുമുള്ള ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ ലുലു ഗ്രൂപ്പ് സ്ഥാപിക്കും
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ പ്രമുഖരായ ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. തമിഴ്നാട്ടില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഫുഡ്-ലോജിസ്റ്റിക് പാര്‍ക്കും സ്ഥാപിക്കുന്നതിനായി 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എംഎയും ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എം.എ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.