യു.എ.ഇയിലെ തൊഴില്‍ ഇന്‍ഷ്വറന്‍സ്: ജോലി പോയാലും കിട്ടും 3 മാസത്തെ പണം
പോളിസി പുതുക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ
യു.എ.ഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്നുമാസത്തെ പണം നഷ്ടപരിഹാരമായി കിട്ടും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമാണ്. അതേസമയം ബിസിനസ് നിക്ഷേപകര്‍, താത്കാലിക കരാര്‍ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി ഏതാനും വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റുള്ളവര്‍ ഈ തൊഴില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമായും എടുക്കണം. പോളിസി പുതുക്കാത്തവരെ കാത്തിരിക്കുന്നത് 400 ദിര്‍ഹം പിഴയാണ്.
ഐ.എല്‍.ഒ.ഇ സ്‌കീം
2023 ജനുവരിയിലാണ് ഇന്‍വോളന്റി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കിയത്. കുറഞ്ഞത് 12 മാസത്തേക്കാണ് സ്‌കീമില്‍ ചേരാനാവുക. ജോലി നഷ്ടപ്പെട്ടാല്‍ ഐ.എല്‍.ഒ.ഇ വെബ്സൈറ്റ് സന്ദര്‍ശിച്ച് ക്ലെയിം നേടാം. യു.എ.ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
നിബന്ധനകളുണ്ട്
ജോലിയില്‍ നിന്ന് രാജിവച്ചവര്‍ക്കോ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പണി പോയവര്‍ക്കോ ആനുകൂല്യം കിട്ടില്ല. ജോലി നഷ്ടപ്പെട്ടവര്‍ 30 ദിവസത്തിനകം ക്ലെയിം അപേക്ഷ സമര്‍പ്പിക്കണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായ രേഖകളും ഹാജരാക്കണം.
ഇതിനിടെ യു.എ.ഇയില്‍ നിന്ന് സ്വന്തം നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ മടങ്ങിയവര്‍ക്കോ വേറെ ജോലി നേടിയവര്‍ക്കോ ആനുകൂല്യം കിട്ടില്ല. ബേസിക് സാലറിയുടെ (അടിസ്ഥാന വേതനം) 60 ശതമാനം കണക്കാക്കിയാണ് മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം നല്‍കുക. പുതിയ ജോലി കണ്ടെത്താനാണ് ഈ മൂന്നുമാസ സമയം നല്‍കുന്നത്. മൂന്നുമാസത്തിന് ശേഷം ജോലി കിട്ടിയാലും ഇല്ലെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല.