ഊബര്‍ പഴയ ഊബറല്ല; തെറ്റുകള്‍ സമ്മതിച്ച് കമ്പനി
ഇന്ത്യയില്‍ നികുതി വെട്ടിച്ചെന്നും, അതിനെ മാതൃകയാക്കാന്‍ കമ്പനി മറ്റുരാജ്യങ്ങളിലെ ജീവനക്കാരോട് അവശ്യപ്പെട്ടെന്നും ഊബര്‍ ഫയല്‍സ് പറയുന്നു
കഴിഞ്ഞ ദിവസമാണ് ജേണലിസ്റ്റുകളുടെ രാജ്യാന്തര കൂട്ടായ്മയായ ഐസിഐജെ (ICIJ) പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി ഊബര്‍ (Uber) നടത്തിയ ക്രമക്കേടുകള്‍ പുറത്തുവിട്ടത്. 124,000 രേഖകള്‍ അടങ്ങിയ ഊബര്‍ ഫയല്‍സ് (Uber Files), കമ്പനി രാജ്യാന്തര തലത്തില്‍ നടത്തിയ നിയമലംഘനങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.
ഊബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് കമ്പനി സിഇഒ ആയിരുന്ന 2013-17 കാലയളവിലെ രേഖകളാണ് രേഖകാളാണ് ഐസിഐജെ പുറത്തുവിട്ടത്. ഊബര്‍ ഫയല്‍സില്‍ 40 രാജ്യങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ ഊബര്‍ നടത്തിയ ഇടപെടലുകളുടെ രേഖകളും ഉള്‍പ്പെട്ടിട്ടുണ്ട്. 2014ല്‍ ന്യൂഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ ഊബര്‍ ഡ്രൈവര്‍ ബാലാത്സംഗം ചെയ്ത സംഭവിത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവെക്കാന്‍ കമ്പനി ശ്രമിച്ചെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഊബര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു.
കൂടാതെ ഇന്ത്യയില്‍ നികുതി വെട്ടിച്ചെന്നും, അതിനെ മാതൃകയാക്കാന്‍ കമ്പനി മറ്റുരാജ്യങ്ങളിലെ ജീവനക്കാരോട് അവശ്യപ്പെട്ടെന്നും ഊബര്‍ ഫയല്‍സ് പറയുന്നു. ഇന്ത്യയില്‍ ലോബിയിംഗ് തന്ത്രങ്ങള്‍ ഊബര്‍ ഉപയോഗിച്ചു എന്നാണ് വിവരം. തൊഴില്‍ നിയമങ്ങള്‍ മറികടക്കാന്‍, ഡ്രൈവര്‍മാര്‍ തങ്ങളുടെ ജീവനക്കാരല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ആദ്യം ടൂര്‍ ഒപറേറ്റര്‍ എന്ന രീതിയിലും പിന്നീട് റെന്റ് -എ-ക്യാബ് എന്ന രീതിയിലുമാണ് കമ്പനി പ്രവര്‍ത്തിച്ചത്. ഫ്രാന്‍സില്‍ നടന്ന ടാക്‌സി ഡ്രൈവര്‍മാരുടെ സമരം അട്ടിമറിക്കാന്‍ കമ്പനി സ്വീകരിച്ച നടപടികളും തൊഴിലാളി ചൂഷണങ്ങളും അടക്കം നിരവധി രേഖകളാണ് ദി ഗാര്‍ഡിയന്‍ മുഖാന്തരം ഐസിഐജെയ്ക്ക് ലഭിച്ച 182 ജിബി രേഖകളില്‍ ഉള്ളത്.
പുറത്തു വന്ന ആരോപണങ്ങളെല്ലാം ഊബര്‍ സമ്മതിച്ചു. എന്നാല്‍ 2017 മുതല്‍ ഊബറിന്റെ രീതികള്‍ വ്യത്യസ്തമാണെന്നും സിഇഒ ദാരാ ഖോസ്രോഷാഹി പറയുന്നു. ലൈംഗീക പീഡനം ഉള്‍പ്പെടുള്ള ആരോപണങ്ങളെ തുടര്‍ന്ന് ട്രാവിസ് കലാനിക് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഖോസ്രോഷാഹി ഊബറിന്റെ സിഇഒ ആവുന്നത്. നേരത്തെ സംഭവിച്ച തെറ്റുകളെ ന്യായീകരിക്കുന്നില്ലെന്ന് ഊബര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം ഞങ്ങള്‍ എന്താണ് ചെയ്തതെന്നും വരുംവര്‍ഷങ്ങളില്‍ എങ്ങനെ ആയിരിക്കുമെന്നും വിലയിരുത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രസ്താവനയിലൂടെ ഊബര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികള്‍ക്ക് ഒരു വര്‍ഷത്തിനിടെ 56.23 ശതമാനം ഇടിവാണ് ഉണ്ടായത്.