സിമന്റ് വിപണിയില്‍ മത്സരം വില കുറവിന് ഇടയാക്കുമോ?; പോര് ബിര്‍ളയും അദാനിയും തമ്മില്‍; ഇന്ത്യാ സിമന്റ്സ് ഏറ്റെടുത്ത് അൾട്രാടെക്
ഓഹരികൾ വാങ്ങിയത് 3,945 കോടി രൂപയ്ക്ക്
ഇന്ത്യാ സിമന്റ്സിലെ 32.72 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് അൾട്രാടെക് സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഇന്ത്യ സിമന്റ്സ് ഓഹരികള്‍ ഒന്നിന് 390 രൂപയ്ക്കാണ് അൾട്രാടെക് സിമന്റ്സ് വാങ്ങുന്നത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ പ്രധാന കമ്പനികളില്‍ ഒന്നാണ് അൾട്രാടെക് സിമന്റ്സ്.
ജൂണിൽ ഇന്ത്യാ സിമന്റ്സിലെ 22.77 ശതമാനം ഓഹരികളും അൾട്രാടെക് സ്വന്തമാക്കിയിരുന്നു. നിലവില്‍ വര്‍ഷം 154.86 സിമന്റ് ഉല്‍പ്പാദന ശേഷിയാണ് അൾട്രാടെകിനുളളത്. ചൈനയ്ക്ക് പിറകിലായി ലോകത്തെ മൂന്നാമത്തെ വലിയ സിമന്റ് ഉല്‍പ്പാദകരാണ് കമ്പനി.
200 മെട്രിക് ടണ്‍ ഉല്‍പ്പാദനം ലക്ഷ്യം
തെക്കേ ഇന്ത്യൻ വിപണികളിൽ കൂടുതൽ ഫലപ്രദമായി സേവനം നൽകാൻ അൾട്രാടെക്കിനെ ഏറ്റെടുക്കല്‍ പ്രാപ്തമാക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു. ഇതോടെ വര്‍ഷം 200 മെട്രിക് ടണ്‍ ശേഷിയിലേക്ക് കമ്പനിയുടെ സിമന്റ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകും. അതുകൊണ്ടു തന്നെ ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കുന്നത് ആവേശകരമായ നടപടിയാണെന്നും കുമാർ മംഗലം ബിർള പറഞ്ഞു. നിലവില്‍ പ്രാഥമിക ഏറ്റെടുക്കൽ എന്ന ഘട്ടത്തിലാണ് ഉളളത്. ആവശ്യമായ നിയമപരവും നിയന്ത്രണപരവുമായ അംഗീകാരങ്ങൾ ലഭിച്ചതിനു ശേഷമാണ് ഈ ഇടപാടുകൾ വിജയകരമായി പൂർത്തിയായി എന്നു പറയാനാകുക.
5.4 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുളള അള്‍ട്രാടെക്കിന്റെ രണ്ട് പുതിയ ഫാക്ടറികള്‍ ഛത്തീസ്ഗഡിലും തമിഴ്‌നാട്ടിലുമായി ഉദ്ഘാടനം ചെയ്തത് അടുത്തിടെയാണ്. വര്‍ഷം 14.45 മെട്രിക് ടണ്‍ സിമന്റ് ഉല്‍പ്പാദന ശേഷിയാണ് ഇന്ത്യ സിമന്റ്സിനുളളത്. ഇതിൽ 12.95 മെട്രിക് ടണ്ണും ഉൽപ്പാദിപ്പിക്കപ്പെടുന്നത് തെക്കേ ഇന്ത്യയിലാണ്, തമിഴ്നാട്ടിലാണ് ഇന്ത്യ സിമന്റ്സിന്റെ പ്രധാന ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. 1.5 മെട്രിക് ടണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് രാജസ്ഥാനിലാണ്.
മാർച്ച് പാദത്തിൽ ഇന്ത്യ സിമന്റ്സ് 61 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വരുമാനം 1,287 കോടി രൂപയായും കുറഞ്ഞിരുന്നു. ഏപ്രിലിൽ അൾട്രാടെക് സിമന്റ്സ് മഹാരാഷ്ട്രയിലെ ഇന്ത്യ സിമന്റ്സിന്റെ ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ നവംബറിൽ ഷെയർ സ്വാപ്പ് ഇടപാടിൽ കെസോറാം ഇൻഡസ്ട്രീസിന്റെ 10.75 മെട്രിക് ടണ്‍ സിമന്റ് ബിസിനസും അൾട്രാടെക് സ്വന്തമാക്കിയിരുന്നു. കെസോറാം ഇൻഡസ്ട്രീസിന്റെ കടം ഉൾപ്പെടെ ഏകദേശം 7,600 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം എൻ. ശ്രീനിവാസന്‍ ചുമതലയില്‍ ഇല്ല
പിതാവ് ടി.എസ്. നാരായണസ്വാമിയുടെ മരണത്തെ തുടർന്ന് 1989 മുതൽ ഇന്ത്യാ സിമന്റ്സിന്റെ തലപ്പത്ത് തുടരുകയായിരുന്ന എൻ. ശ്രീനിവാസന് ജനുവരിയിൽ 80 വയസ്സ് തികയുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ശ്രീനിവാസൻ സ്ഥാനമൊഴിഞ്ഞതിന് ശേഷം, മുഴുവൻ സമയ ഡയറക്ടറായ അദ്ദേഹത്തിന്റെ മകൾ രൂപ ഗുരുനാഥിനും ബോർഡ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഭാര്യ ചിത്ര ശ്രീനിവാസിനും ബിസിനസ് നടത്താൻ താൽപ്പര്യ കുറവുകള്‍ ഉളളതാണ് കമ്പനിയുടെ സാരഥ്യം വിട്ടുകൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
മത്സരം ബിര്‍ളയും അദാനിയും തമ്മില്‍
ഇന്ത്യാ സിമന്റ്സിനെ ഏറ്റെടുത്തതോടെ അള്‍ട്രാടെക്കും ഗൗതം അദാനിയുടെ നേതൃത്വത്തിലുളള അംബുജ സിമന്റ്സും തമ്മിലുളള പോര് മുറുകുകയാണ്. തെക്കേ ഇന്ത്യയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാനുളള ശ്രമങ്ങളിലാണ് ഇരു കമ്പനികളും.
അംബുജ സിമന്റ്സ്, എ.സി.സി എന്നീ വന്‍കിട കമ്പനികളെ ഏറ്റെടുത്തുകൊണ്ടാണ് സിമന്റ് വ്യവസായ രംഗത്തേക്ക് അദാനി കടന്നു വന്നത്. ഇന്ത്യയില്‍ നിര്‍മാണ മേഖലയില്‍ നടക്കുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് സിമന്റ് വിപണിയില്‍ ശ്രദ്ധയൂന്നാന്‍ ബിര്‍ളയേയും അദാനിയേയും പ്രേരിപ്പിക്കുന്നത്. ഇരുവരും വിപണി സാന്നിധ്യം കൂട്ടാന്‍ ശ്രമിക്കുന്നതോടെ ഗുണ നിലവാരമുളള ഉല്‍പ്പന്നം വിപണിയില്‍ എത്താനും കമ്പനികളെ മത്സരിച്ച് വില നിലവാരം നിശ്ചയിക്കാനും പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്.