എം.എസ്.എം.ഇ ദിനാചരണം ആലുവയില്‍ 26ന്; പുതിയ വായ്പാ സാധ്യതകളില്‍ ചര്‍ച്ച
പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, രജിസ്‌ട്രേഷന്‍ സൗജന്യം
ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI), ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ (NSIC) തുടങ്ങിയവരുടെ നേതൃത്വത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) മന്ത്രാലയം ജൂണ്‍ 26 ന് അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനം ആഘോഷിക്കുന്നു. ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയില്‍ അഭിവൃദ്ധി നേടാന്‍ ആവശ്യമായ അറിവ് നല്‍കി ചെറുകിട സംരംഭങ്ങളെ ഉയര്‍ത്തുക എന്നതാണ് ആലുവ എസ്.സി.എം.എസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നടക്കുന്ന ഈ പരിപാടിയുടെ ലക്ഷ്യം.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ച
പരിപാടിയില്‍ എം.എസ്.എം.ഇ ഡി.എഫ്.ഒ, എം.എസ്.എം.ഇ മന്ത്രാലയം,സംസ്ഥാന വ്യവസായ വകുപ്പ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് എക്‌സ്‌പോര്‍ട്ട് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ്, സെല്‍ഫ് റിലയന്റ് ഇന്ത്യ തുടങ്ങിയവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ചെറുകിട സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന ആശങ്കകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യും.
ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പ പിന്തുണയും മറ്റ് സാമ്പത്തിക സഹായവും നല്‍കുന്നതിനുള്ള ഏറ്റവും പുതിയ മാര്‍ഗങ്ങളെകുറിച്ച് ചര്‍ച്ചയുണ്ടാകും. അവരുടെ സുസ്ഥിരമായ വളര്‍ച്ചയും വികസനവും ഇത് ഉറപ്പാക്കുന്നു. കയറ്റുമതിയിലൂടെ എങ്ങനെ വിപണി വിപുലീകരിക്കാം എന്ന വിഷയവും ചര്‍ച്ച ചെയ്യും. ഇത് ആഗോള വിപണിയില്‍ അവരുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സേവന മേഖലയുടെ സാധ്യതകളെ കുറിച്ചും അവസരങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും പരിപാടിയില്‍ പങ്കുവയ്ക്കും. കൂടാതെ ഇതില്‍ പങ്കെടുക്കുന്ന സംരംഭകര്‍ക്കും ബിസിനസ് ഉടമകള്‍ക്കും വ്യവസായ വിദഗ്ധരുമായുള്ള ഇന്ററാക്ടീവ് സെഷനുകളുമുണ്ടാകും.
പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം
രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടക്കുന്ന ഈ പരിപാടിയില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും https://bit.ly/INTLMSME23 എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.