ഉത്തരാഖണ്ഡിനെ വെല്‍നെസ്, ടൂറിസം രംഗത്തെ മാതൃകാ സംസ്ഥാനമാക്കും: മന്ത്രി ഹരക് സിംഗ് റാവത്

Update: 2020-02-28 13:34 GMT

ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രമായ ഉത്തരാഖണ്ഡിനെ വെല്‍നെസ്, ടൂറിസം രംഗത്തെ മാതൃകാ സംസ്ഥാനമാക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസ മന്ത്രി ഹരക് സിംഗ് റാവത്. തദ്ദേശീയമായ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക് ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും വിധം ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ആയുഷ്, ആയുഷ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ഉത്തരാഖണ്ഡ് വെല്‍നെസ് സമിറ്റ് 2020 റോഡ് ഷോയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡിലെ പ്രകൃതിസമ്പത്ത് വെല്‍നെസ് മേഖലയിലുള്ളവര്‍ക്ക് വന്‍സാധ്യതയാണ് തുറക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 'വെല്‍നെസ് മേഖലയില്‍ സ്വകാര്യ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഉത്തരാഖണ്ഡിന്റേത്. ആരോഗ്യകരമായ ജീവിതക്രമം തേടുന്ന ലോകം, ഹിമാലയന്‍ ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ ഔഷധമൂല്യം ഇതിനകം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ആയുര്‍വേദം, യോഗ, മെഡിറ്റേഷന്‍, നാച്ചുറോപതി എന്നിവയുടെ കാര്യത്തില്‍ ലോകത്ത് തന്നെ വേറിട്ട സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഉത്തരാഖണ്ഡിലെ ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനമെന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ,'' ഹരക് സിങ് റാവത്ത് വിശദീകരിച്ചു.

ഓര്‍ഗാനിക് കാര്‍ഷിക നയം ഉത്തരാഖണ്ഡില്‍ 10,000ത്തോളം ഓര്‍ഗാനിക് ക്ലസ്റ്ററുകളുടെ വികസനത്തിന് ഉതകുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന കേന്ദ്രനയം ഈ മേഖലയ്ക്ക് വലിയ പിന്തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമിറ്റിന്റെ നോളജ് പാര്‍ട്ണര്‍ ഏണ്സ്റ്റ് ആന്‍ഡ് യംഗാണ്. ഉത്തരാഖണ്ഡ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനിഷ പന്‍വാര്‍, ഉത്തരാഖണ്ഡ് വ്യവസായ വകുപ്പ് ഡയറക്റ്റര്‍ ജനറലും കമ്മിഷണറുമായ എല്‍. ഫനായ്, സിഐഐ കേരള ഘടകം മുന്‍ ചെയര്‍മാന്‍ ഡോ. എസ് സജികുമാര്‍, ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി സോനിക, ഉത്തരാഖണ്ഡ് എസ്ഐഐഡിസിയുഎല്‍ എംഡി എസ് എ മുരുഗേശന്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News