ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹോം മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കി 'റിലയന്‍സ്'

സംപ്രേഷണാവകാശം സ്വന്തമാക്കിയത് ₹6,000 കോടിയ്ക്ക്

Update:2023-09-01 12:37 IST

Image courtesy: reliance/viacom18/bcci

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വര്‍ഷത്തേക്കുള്ള ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയില്‍ (ബി.സി.സി.ഐ) നിന്ന് സ്വന്തമാക്കി വയാകോം 18. ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലെ ഡിജിറ്റല്‍ മാധ്യമ സ്ഥാപനമാണിത്. അടുത്തിടെയാണ് മലയാളിയായ കിരണ്‍ മണി വയാകോം 18ന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത്.

സംപ്രേഷണാവകാശം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്‍, ഐ.പി.എല്‍ (ഡിജിറ്റല്‍), വനിതാ ഐ.പി.എല്‍, ഒളിമ്പിക്‌സ് 2024, എസ്.എ ഹോം മത്സരങ്ങള്‍ 2024, ടി10 ലീഗ്, റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്, എസ്.എ20, എന്‍.ബി.എ, സീരി എ, ലാ ലിഗ, ലിഗ്1, ഡയമണ്ട് ലീഗ് എന്നിവ റിലയന്‍സിന്റെ വിയാകോം 18 സംപ്രേഷണം ചെയ്യും.

6,000 കോടി രൂപയ്ക്ക്

ഏകദേശം 6,000 കോടി രൂപയ്ക്കാണ് സ്ഥാപനം ഈ സംപ്രേഷണാവകാശം നേടിയത്. ബ്രോഡ്കാസ്റ്റും ഡിജിറ്റല്‍ പാക്കേജുകളും വെവ്വേറെയാണ് വയാകോം 18 വാങ്ങുന്നത്. ഒരു ഗെയിമിന് 67.8 കോടി രൂപയ്ക്കാണ് കമ്പനി അവകാശം നേടിയിരിക്കുന്നത്. വയാകോം 18 ന്റെ ചാനലായ സ്പോര്‍ട്സ് 18 അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങള്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യും. അതേസമയം ജിയോസിനിമയും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഡിസ്‌നി-സ്റ്റാര്‍, സോണി സ്‌പോര്‍ട്‌സ്, വയാകോം 18 എന്നീ മൂന്ന് കമ്പനികളാണ് ബി.സി.സി.ഐയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി മത്സരരംഗത്തുണ്ടായിരുന്നത്. ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തില്‍ വയാകോം 18 സംപ്രേഷണ അവകാശം സ്വന്തമാക്കുകയായിരുന്നു. അതേസമയം 2024 മുതല്‍ അടുത്ത നാല് വര്‍ഷത്തേക്ക് ഐ.സി.സി ലോകകപ്പിന്റെ ടി.വി അവകാശം സോണി സ്പോര്‍ട്സ് നെറ്റ്‌വർക്ക് ആണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്.

തിളക്കം മങ്ങി ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍

2018 മുതല്‍ 2023 വരെ ഡിസ്‌നി സ്റ്റാറാണ് ഒരു ഗെയിമിന് 60 കോടി രൂപയ്ക്ക് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ബി.സി.സി.ഐയുടെ ഈ ലേലത്തില്‍ വയാകോം 18, സോണി-സീ കൂട്ടുകെട്ട് എന്നിവയില്‍ നിന്നുള്ള തീവ്രമായ മത്സരത്തില്‍ ഡിസ്‌നി സ്റ്റാറിന് പിടിച്ചു നില്‍ക്കാനായില്ല.

ഐ.പി.എല്‍ സംപ്രഷണാവകാശം മുമ്പ് നഷ്ടപ്പെട്ടത് മൂലം ഇതിനോടകം തന്നെ നിരവധി വരിക്കാര്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിട്ട് പോയിരുന്നു. ഇതിനിടെയാണ് ഈ വലിയ തിരിച്ചടിയും. ഇതിന്റെ ആഘാതം മാതൃ കമ്പനിയായ വാള്‍ട്ട് ഡിസ്നിയിലും പ്രതിഫലിച്ചു. അതേസമയം വരാനിരിക്കുന്ന ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023, ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News