വോഡഫോൺ ഐഡിയ ഇനി 'വി' എന്ന ബ്രാൻഡ്

Update: 2020-09-07 10:24 GMT

ലയനത്തിനു ശേഷം രണ്ട് വർഷമാകുമ്പോൾ റീബ്രാൻഡിങ്ങുമായി വോഡഫോൺ ഐഡിയ ടെലികോം ഒപ്പറേറ്റേഴ്സ്. വോഡഫോണിൻെറ വിയും ഐഡിയയുടെ ഐയും ചേര്‍ത്ത് വി എന്നായിരിക്കും വോഡ- ഐഡിയ ഇനി അറിയപ്പെടുക.
ഇത്രയും നാൾ വോഡഫോൺ, ഐഡിയ ബ്രാൻഡുകൾ പ്രത്യേകമായി ആണ് കമ്പനി പ്രൊമോട്ടു ചെയ്തിരുന്നത് എങ്കിലും ഇനി ഒറ്റ ബ്രാൻഡ് ആയിട്ടായിരിയ്ക്കും അറിയപ്പെടുന്നതും. 2018 ഓഗസ്റ്റിലായിരുന്നു വോഡഫോണും ഐഡിയയും ലയിക്കുന്നത്. പുതിയ ബ്രാൻഡ് നാമം തിങ്കളാഴ്ച വൈകുന്നേരം മുൻപ് മുതൽ പ്രസിദ്ധപ്പെടുത്തുമെന്നും വോഡഫോൺ ഐഡിയ എം ഡിയും സി ഇ ഓ യുമായ രവിന്ദർ താക്കർ അറിയിച്ചു.

"ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ ഊര്‍ജവുമായി വി എന്ന ബ്രാൻഡിലൂടെ വോഡഫോണും ഐഡിയയും എത്തുകയാണ്. ഇന്ന് വൈകിട്ട് എട്ടു മണി മുതൽ പുതിയ ബ്രാൻഡ് നാമം ഡിജിറ്റൽ മാധ്യമങ്ങളിൽ ഉൾപ്പെടെ ദൃശ്യമായി തുടങ്ങും."അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വോഡഫോൺ ഐഡിയയിൽ 400 കോടി ഡോളറിൻെറ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ആമോസോണും ,വെറൈസൺ എന്ന യുഎസ് കമ്പനിയും ഉൾപ്പെടെയാണ് വോഡഫോണിൽ മുതൽ മുടക്കാൻ തയ്യാറാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് വരെ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഇപ്പോൾ ഇക്വിറ്റി, ഡെറ്റ് എന്നിവയിലൂടെ സംയോജിതമായ നിക്ഷേപ സമാഹരണത്തിനും വോഡഫോൺ ഐഡിയ പദ്ധതി ഇട്ടിട്ടുണ്ട്. 25000കോടി രൂപ ഇത്തരത്തിൽ സമാഹരിക്കാൻ ആണ് പദ്ധതി. നിലവിൽ 50000കോടി രൂപ എജിആർ ബാധ്യത നില നിൽക്കുന്നുമുണ്ട് കമ്പനിക്ക്. ജൂൺ പാദത്തിൽ 25, 460 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ടെലികോം വിപണികളിൽ ഒന്നാണ് ഇന്ത്യ. അഞ്ച് ലക്ഷം ഗ്രാമങ്ങളിലായി 1.2 ബില്ല്യൺ വരിക്കാരാണ് നിലവിൽ വോഡഫോൺ ഐഡിയയ്ക്കുള്ളത് എന്ന് ആദിത്യ ബിർള& വോഡഫോൺ ഐഡിയ ചെയർമാൻ ആയ കുമാർ മംഗളം ബിർള ചൂണ്ടിക്കാട്ടി. ഇത് താങ്കളുടെ വിപുലീകരണത്തിനു ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും പുതിയ നിക്ഷേപം എത്തുന്നത് ജിയോയോട് മത്സരിക്കാൻ വോഡഫോണിനെ സജ്ജമാക്കുമെന്നാണ് ടെലികോം മേഖലയിലെ വിലയിരുത്തൽ. വയര്‍ലെസ് ഫോൺ നിര്‍മാതാക്കളായ വെറൈസൺ കമ്മ്യൂണിക്കേഷൻസും ആമസോണും ചേര്‍ന്ന് വോഡഫോണിൻെറ 10 ശതമാനം ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News