പത്ത് കോടി മരതൈകള്‍ നടാമെന്ന് അദാനി ഗ്രൂപ്പ്
ലോക സാമ്പത്തിക ഫോറത്തിന്റെ ട്രില്യണ്‍ ട്രീസ് പ്ലാറ്റ്ഫോമിലാണ് ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തത്
ഇന്ത്യ 230- 300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നതിനായി അധിക വനം സൃഷ്ടിക്കുമെന്ന് പാരീസ് COP21-ല്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇതിലുള്ള പ്രതിജ്ഞാബദ്ധത കണക്കിലെടുത്ത് പുത്തന്‍ തീരുമാനം എടുത്തിരിക്കുകയാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 2030-ഓടെ 100 ദശലക്ഷം മരങ്ങള്‍ നട്ടുവളര്‍ത്തുമെന്ന് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വാഗ്ദാനം നല്‍കി.
ലോക സാമ്പത്തിക ഫോറത്തിന്റെ ട്രില്യണ്‍ ട്രീസ് പ്ലാറ്റ്ഫോമിലാണ് ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തത്. ഈ 100 ദശലക്ഷത്തില്‍ കണ്ടല്‍ക്കാടുകളും മറ്റ് മരങ്ങളും ഉള്‍പ്പെടുന്നു. പരിസ്ഥിതി വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക, ജൈവ വൈവിധ്യത്തിന്റെ നഷ്ടം നികത്തുക, മണ്ണൊലിപ്പ് കുറയ്ക്കുക എന്നിവയെല്ലാം ഒരു ഹരിത ലോകം കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
കടല്‍ത്തീരത്ത് നിരവധി ബിസിനസുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കണ്ടല്‍ക്കാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളായി അദാനി ഗ്രൂപ്പ് ഇതിനോടകം 29.52 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു. 2030-ഓടെ 37.10 ദശലക്ഷം കണ്ടല്‍ മരങ്ങളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വനങ്ങളെയും കൃഷിയെയും ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് മരങ്ങളുടെ സംരക്ഷണവും പുനഃസ്ഥാപനവും നിര്‍ണായകമാണ്.