വര്‍ക്ക് ഫ്രം ഹോം വന്നതോടെ നഷ്ടത്തില്‍ നിന്ന് കരകയറി എയര്‍ടെല്‍, 4ജി ഉപഭോക്താക്കളും കൂടി

മൊത്തം വരുമാനത്തില്‍ 20.7 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

Update: 2020-10-28 12:29 GMT

രാജ്യത്തെ പ്രധാന ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്ലിന്റെ കടങ്ങളെക്കുറിച്ച് നിരവധി തവണ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ പുതിയ വാര്‍ത്ത എയര്‍ടെല്ലിന്റെ കടങ്ങളില്‍ വന്ന വെട്ടിക്കുറയ്ക്കലാണ്. ലോക്ഡൗണ്‍ കാലത്തെ വര്‍ക് ഫ്രം ഹോം ആണ് എയര്‍ടെല്ലിന് രക്ഷയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  വലിയ ശതമാനം ആളുകള്‍ വീട്ടിലിരുന്ന് പണിയെടുക്കാന്‍ തുടങ്ങിയ സാഹചര്യമാണ് എയര്‍ടെല്ലിനെ തുണച്ചത്. 'വര്‍ക്ക് ഫ്രം ഹോം' പതിവായതോടെ ജനങ്ങളുടെ ഡേറ്റ ഉപഭോഗം കൂടി. ഇതിനിടെ പ്ലാനുകളുടെ നിരക്ക് കൂട്ടിയതും എയര്‍ടെല്ലിന്റെ വരുമാനത്തെ സ്വാധീനിച്ചു. മൊത്തം വരുമാനത്തില്‍ 20.7 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂലായ് - സെപ്റ്റംബര്‍ കാലയളവില്‍ 763.2 കോടി രൂപയാണ് എയര്‍ടെല്ലിന്റെ മൊത്തം നഷ്ടം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 23,044.9 കോടി രൂപയായിരുന്നു കമ്പനി നേരിട്ട വന്‍ നഷ്ടം. ഇത്തവണത്തെ വരുമാന വര്‍ധനവാണ് എയര്‍ടെല്ലിനെ രക്ഷിച്ചത്. നിലവില്‍ 25,993.9 കോടി രൂപയുണ്ട് ഭാരതി എയര്‍ടെല്ലിന്റെ മൊത്തം വരുമാനം. ഇതില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാത്രം കമ്പനി നേടിയ വരുമാനം 25,785 കോടി രൂപയാണ്.

നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദം 18,747 കോടി രൂപയുടെ വരുമാനം ഇന്ത്യയില്‍ നിന്ന് മാത്രം കമ്പനി നേടി. വര്‍ഷാവര്‍ഷമുള്ള കണക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ വളര്‍ച്ച 22 ശതമാനമാണ്. മൊബൈല്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ വരുമാനവും 26 ശതമാനം എയര്‍ടെല്ലിന് വര്‍ധിച്ചിട്ടുണ്ട്. ഓരോ ഉപയോക്താവില്‍ നിന്നും നേടുന്ന ശരാശരി വരുമാനത്തിലും വര്‍ധനവ് കാണാം. 4 ജി ഉപയോക്താക്കളും വ്യക്തിഗത ഡാറ്റ ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News