ഡെലിവറി ബോയിക്ക് മാത്രമല്ല, സൊമാറ്റോയില്‍ ഇനി പാചകക്കാര്‍ക്കും ടിപ്പ്
ടിപ്പ് തുക പൂര്‍ണമായും പാചകക്കാര്‍ക്ക് തന്നെ നല്‍കുമെന്ന് സൊമാറ്റോ
ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചശേഷം ബില്‍ കൊടുക്കുമ്പോള്‍ ചെറിയൊരു തുക നമ്മളില്‍ പലരും വെയിറ്റര്‍ക്കും കൊടുക്കാറുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി കമ്പനികളുടെ കടന്നുവരവോടെ, ഭക്ഷണം ഡെലിവറി നടത്തുന്നവര്‍ക്കും ടിപ്പ് കൊടുക്കുന്ന സമ്പ്രദായം ചിലരെങ്കിലും നടപ്പാക്കി തുടങ്ങി.
ഇപ്പോഴിതാ, ഡെലിവറി ബോയിക്ക് മാത്രമല്ല ഭക്ഷണം പാകംചെയ്യുന്ന ഹോട്ടല്‍ തൊഴിലാളിക്കും ടിപ്പ് കൊടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ.
തൊഴിലാളികള്‍ക്കുള്ള ആദരം
പാചകം ചെയ്യുന്നവര്‍, ക്ലീനിംഗ് തൊഴിലാളികള്‍, മറ്റ് സഹായികള്‍ എന്നിവരുടെ സേവനത്തിനുള്ള ആദരമായാണ് 'ടിപ്പ്‌സ് ഫോര്‍ ദ കിച്ചന്‍ സ്റ്റാഫ്' പദ്ധതി നടപ്പാക്കുന്നതെന്ന് സൊമാറ്റോ വ്യക്തമാക്കി. ഉപഭോക്താവ് നല്‍കുന്ന ടിപ്പ് തുക പൂര്‍ണമായും റെസ്റ്റോറന്റിന് കൈമാറും.
ഈ തുക പാചക തൊഴിലാളിക്ക് കൈമാറുമെന്ന് ഉറപ്പ് നല്‍കാനായി ഹോട്ടല്‍/റെസ്‌റ്റോറന്റ് പ്രത്യേക ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കണമെന്നും നിബന്ധനയുണ്ട്. ഭക്ഷണം സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താവിന് മൊത്തം തുകയുടെ നിശ്ചിത ശതമാനമോ (3-10%) അധികമായി ഇഷ്ടപ്പെട്ട തുകയോ (Custom tip amount) ആണ് ടിപ്പ് ആയി ഉള്‍പ്പെടുത്താനാവുക.