സൊമാറ്റോയ്ക്ക് ഒരു മാതൃ കമ്പനി 'എറ്റേണല്‍', ഒന്നിലധികം സിഇഒമാരുടെ കീഴില്‍ പ്രവര്‍ത്തനം
ഒന്നിലധികം ബിസിനസുകള്‍ നടത്തുന്ന വലിയ കമ്പനിയായി മാറാനുള്ള പക്വത സൊമാറ്റോ കൈവരിച്ചെന്ന് സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍
ഓണ്‍ലൈന്‍ ഫൂഡ് അഗ്രഗേറ്ററായ സൊമാറ്റോ റീബ്രാന്‍ഡിംഗിന് ഒരുങ്ങുന്നു. ഒരു മാതൃസ്ഥാപനത്തിന് കീഴിവില്‍ വിവിധ ബിസിനസുകള്‍ ഒന്നിപ്പിക്കാനാണ് പദ്ധതി. എറ്റേണല്‍ എന്നാണ് സൊമാറ്റോയുടെ മാതൃസ്ഥാപനത്തിന് നല്‍കിയിരിക്കുന്ന് പേര്. പുതിയ കമ്പനിയുടെ കുടക്കീഴില്‍ വിവിധ ബിസിനുസകള്‍ക്ക് പ്രത്യേകം സിഇഒമാരും ഉണ്ടാവും.
സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് പുതിയ പദ്ധതികളെക്കുറിച്ച് പറയുന്നത്. ഒന്നിലധികം ബിസിനസുകള്‍ നടത്തുന്ന വലിയ കമ്പനിയായി മാറാനുള്ള പക്വത സൊമാറ്റോ കൈവരിച്ചെന്നാണ് ദീപിന്ദറിന്റെ വിലയിരുത്തല്‍.
സൊമാറ്റോയ്ക്ക് കീഴില്‍ നിലവില്‍ നാല് കമ്പനികളാണ് ഉള്ളത്. സൊമാറ്റോ, ബ്ലിന്‍കിറ്റ്, ഹൈപ്പര്‍പ്യുവര്‍, ഫീഡിംഗ് ഇന്ത്യ എന്നിവയാണ് ഈ കമ്പനികള്‍. ക്യുവര്‍ഫിറ്റ്, മാജിക്പിന്‍, ഷിപ്‌റോക്കറ്റ് തുടങ്ങിയ കമ്പനികളിലും സൊമാറ്റോയ്ക്ക് നിക്ഷേപമുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സൊമാറ്റോയുടെ ആകെ നഷ്ടം 186 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 173 കോടിയുടെ കുറവ് രേഖപ്പെടുത്തി. വരുമാനം 67.45 ശതമാനം ഉയര്‍ന്ന് 1413.9 കോടി രൂപയിലെത്തി. നിലവില്‍ 53.95 രൂപയാണ് ( 11.15 am) സൊമാറ്റോ ഓഹരികളുടെ വില.