അപകട ഇന്‍ഷുറന്‍സ് പോളിസി, അറിയേണ്ടതെല്ലാം
ആക്‌സിഡന്റ് ക്ലെയിം തലവേദനയാകാതിരിക്കാന്‍ അപകട ഇന്‍ഷുറന്‍സ് പോളിസികളും ആനുകൂല്യങ്ങളും വിശദമായി അറിഞ്ഞിരിക്കണം
അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ നിത്യജീവിതത്തില്‍ എന്നും ഒരു ഭീഷണിയായി വളര്‍ന്നു വരികയാണ്. അപകടങ്ങള്‍ മൂലം വമ്പിച്ച സാമ്പത്തിക ബാധ്യതകള്‍ സംഭവിക്കുകയും പലപ്പോഴും ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യുന്നു. പെട്ടെന്നൊരു ദിവസം ഒരു അപകടമുണ്ടായാല്‍ തീര്‍ന്നുപോകുന്നതാകരുത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം.
തക്കസമയത്ത് ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്ത് ഓരോരുത്തരുടേയും ആവശ്യങ്ങള്‍ മനസ്സിലാക്കി സംരക്ഷണ പേക്കേജുകള്‍ തെരഞ്ഞെടുത്താല്‍ ലക്ഷ്യം കൈവരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. നമ്മുടെ നാട്ടില്‍ അപകട ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള ജനങ്ങളുടെ അവബോധമില്ലായ്മ ഈ മേഖലയിലെ വിപണനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നു വേണം മനസ്സിലാക്കുവാന്‍.
അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ കവര്‍ ചെയ്യുന്ന റിസ്‌കുകളുടെ പട്ടിക ആദ്യം പരിശോധിക്കാം.
1. അപകട മരണം
2. സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം
3. സ്ഥിരവും ഭാഗികവുമായ അംഗവൈകല്യം
4. താല്‍ക്കാലികവും പൂര്‍ണ്ണവുമായ അംഗവൈകല്യം (ഇതില്‍ആഴ്ചതോറും ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യം)
5. അപകടം മൂലം സംഭവിച്ചേക്കാവുന്ന ആശുപത്രി ചികിത്സാ ചെലവ്
6. ആംബുലന്‍സ് വാടക
7. പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം
8. അപകടം മൂലം തൊഴില്‍ നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരം
9. അപകടം മൂലം ക്ലാസ്സില്‍ പോവാന്‍ കഴിയാതെ വന്നാല്‍ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ട്യൂഷന്‍ ഫീസ്
10. ഗൃഹനാഥന്‍ അപകടമരണം/സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യം സംഭവിച്ചാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് വിവാഹധനം.
11. ഗൃഹനാഥന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടവിനുള്ള പണം നല്‍കല്‍
12. അപകടം മൂലം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ദിവസങ്ങളിലെ ദിവസബത്ത
13. അപകടം മൂലം യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള ചിലവ് (ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കും)
14. അപകടം മൂലം യാത്ര ചെയ്യാനുള്ള ചിലവ് - സുഹൃത്തുക്കള്‍ക്ക്
15. അപകടം മൂലം വസ്ത്രങ്ങള്‍ കേടുവന്നാലുള്ള നഷ്ടപരിഹാരം
16. അപകടം പറ്റിയ വ്യക്തിക്ക് വീട്ടിലോ, വാഹനത്തിലോ സഞ്ചാരസൗകര്യത്തിനുള്ള ചിലവ്
17. അപകടം പറ്റിയ വ്യക്തിക്ക് ഓര്‍ത്തോസംബന്ധമായ ഫിറ്റിംഗുകള്‍ക്ക് വേണ്ടിവരുന്ന ചിലവ്
18. ശവസംസ്‌കാര ചടങ്ങിനുള്ള ചിലവ്
19. ഗൃഹനാഥന് അപകടമരണം/സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം സംഭവിച്ചാല്‍, പഠിക്കുന്ന കുട്ടിയുടെ മുഴുവന്‍ ഫീസും നല്‍കുന്ന പദ്ധതി
20. ഗൃഹനാഥന് അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഒരു നിശ്ചിത തുക നിശ്ചിത കാലയളവ് വരെ ലഭിക്കുന്ന പദ്ധതി
അറിയാതെ പോകരുത് ഈ കാര്യങ്ങള്‍
1. ഇന്‍ഷുര്‍ ചെയ്യുന്ന തുക: 100,000 രൂപ മുതല്‍ 25 കോടി രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് വിവിധ കമ്പനികള്‍ നല്‍കുന്നുണ്ട്.
2. ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 60- 120 ഇരട്ടി വരെയുള്ള സംഖ്യയ്ക്ക് സാധാരണയായി ഇന്‍ഷുറന്‍സ ചെയ്യാവുന്നതാണ്.
3. പ്രായപൂര്‍ത്തിയായ(18 വയസ്സ് കഴിഞ്ഞ) ആര്‍ക്കും പോളിസിയില്‍ ചേരാവുന്നതാണ്.
4. മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ എഴുപത് വയസ്സു വരെയുള്ള എല്ലാവര്‍ക്കും പോളിസിയില്‍ ചേരാം.