വരുമാനത്തിന്റെ 5 ശതമാനം മാറ്റിവച്ചാല്‍ കുടുംബത്തിന് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം

സ്വന്തം വീട്, വാഹനം എന്നിവ മാത്രമല്ല കുടുംബാംഗങ്ങളെയും ഇന്‍ഷുര്‍ ചെയ്യേണ്ടേ? ഇതാ അറിയേണ്ട കാര്യങ്ങള്‍

Update:2022-10-27 12:40 IST

കുടുംബത്തിന്റെ സമ്പൂര്‍ണ്ണ സുരക്ഷ വരുമാനത്തിന്റെ അഞ്ച് ശതമാനം മാറ്റി വച്ചാല്‍ ലഭിക്കുന്നതാണോ? സ്വന്തം വീട്, വാഹനം, തുടങ്ങിയവയും കുടുംബാംഗങ്ങളേയും യഥാവിധി ഇന്‍ഷുര്‍ ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ അതിന് വീഴ്ചവരാറില്ല. എന്നാല്‍ വാഹനത്തേക്കാള്‍ അമൂല്യമാണ് കുടുംബാംഗങ്ങള്‍ എന്ന കാര്യം വിസ്മരിക്കരുത്.

നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളും, സാമ്പത്തിക ബാധ്യതയും ഏറ്റവും ഗൗരവമുള്ളകാര്യമാണ്. സ്വയം ശുഭാപ്തി വിശ്വാസം നല്ലതാണെങ്കിലും, അത് ഇന്‍ഷുര്‍ ചെയ്യാതിരിക്കാനുള്ള കാരണമാകരുത്. സ്വയം സുരക്ഷയോടൊപ്പം കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താനായിട്ടാണ് ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.
അസുഖങ്ങള്‍, അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവ മനുഷ്യജീവിതം അശാന്തമാക്കുമ്പോള്‍, പകര്‍ച്ചവ്യാധികളും, പ്രകൃതി ദുരന്തങ്ങളും നിമിത്തം ചികിത്സാ ചിലവുകള്‍ താങ്ങാവുന്നതിലും കൂടുതലാകുന്നു. വരുമാനമുള്ള കുടുംബാംഗങ്ങളുടെ അകാല ചരമം, ആകസ്മിക മരണം, അപകടം മൂലം അംഗവൈകല്യങ്ങള്‍ എന്നിവ പ്രസ്തുത കുടുംബത്തിന്റെ സാമ്പത്തിക നിലയെ തകിടം മറിക്കുന്നു. ഓരോ കുടുംബവും അവരവരുടെ ആവശ്യങ്ങളും, സാമ്പത്തിക സ്ഥിതിയും സമന്വയിപ്പിച്ച് അതാത് കാലങ്ങളില്‍ ശരിയായ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
മുന്‍കരുതല്‍ എന്ന നിലയില്‍, വീട്, സാധനസാമഗ്രികള്‍, എന്നിവയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തിയുള്ള വിവിധ പോളിസികളെക്കുറിച്ച് നോക്കാം. വാര്‍ഷിക വരുമാന തുകയുടെ 5% മാറ്റി വെച്ചാല്‍ എല്ലാവിധ സംരക്ഷണ കാര്യങ്ങളും ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയും. വീട്, സാധന സാമഗ്രികള്‍, കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, വരുമാനമുള്ള രക്ഷിതാക്കളുടെ സ്വാഭാവിക മരണം, അപകട മരണം, അംഗവൈകല്യങ്ങള്‍ മുതലായ നിരവധി റിസ്‌ക്കുകള്‍ ഇതില്‍ കവര്‍ ചെയ്യുന്നുണ്ട്. നാല്തരം പോളിസികളാണ് ഇതില്‍ പറഞ്ഞിട്ടുള്ളതെങ്കിലും മുന്‍ഗണനാക്രമം തീരുമാനിച്ച് വര്‍ഷത്തില്‍ നാല് തവണകളായി പോളിസിയില്‍ ചേരാനും സൗകര്യമുണ്ട്.
മേല്‍പറഞ്ഞ നാല് പദ്ധതികളില്‍, മൂന്ന് എണ്ണം ജനറല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടതും, നാലാമത്തേത് ലൈഫ് റിസ്‌ക് കവര്‍ 116 ചെയ്യുന്ന ടേം കവര്‍ പോളിസിയുമാണ്. എല്ലാ പോളിസികളിലും പ്രാധാന്യം നല്‍കുന്നത് സംരക്ഷണത്തിനാണ്. കവര്‍ ചെയ്യുന്ന റിസ്‌കുകള്‍: വീടിനെ സംബന്ധിച്ചിടത്തോളം തീപിടുത്തം, പൊട്ടിത്തെറി, പ്രകൃതി ദുരന്തങ്ങള്‍, കളവ് തുടങ്ങി പന്ത്രണ്ടോളം റിസ്‌കുകളാണ് കവര്‍ ചെയ്യുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സിലാകട്ടെ, അസുഖം, അപകടം എന്നിവ മൂലം ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവുകളാണ് കവര്‍ ചെയ്യുക. വരുമാന മുള്ള കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവിക മരണം, അപകടമരണം, അംഗ വൈകല്യം മുതലായ റിസ്കുകൾക്ക്  പ്രാധാന്യം നല്‍കുന്ന പോളിസികളാണ് ഇത്.

(ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്ററുമായ വിശ്വനാഥന്‍ ഓടാട്ട് രചിച്ച 'ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തില്‍ നിന്ന്. വിവരങ്ങള്‍ക്ക്: 9895768333 )


Tags:    

Similar News