വാങ്ങാന്‍ 5 ഓഹരികള്‍, ഒരെണ്ണം വില്‍ക്കാനും; വാരാന്ത്യ നിര്‍ദേശം
രണ്ടാം പാദ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഓഹരികളുടെ സാധ്യതകള്‍ അറിയാം
2022 -23 രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ സുപ്രീം ഇന്‍ഡസ്ട്രീസ്, അംബുജ സിമെന്റ്റ്സ്, ഡാബര്‍ ഇന്ത്യ. ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, പിവിആര്‍ എന്നീ ഓഹരികളുടെ സാധ്യതകള്‍ അറിയാം
1. സുപ്രീം ഇന്‍ഡസ്ട്രീസ് (Supreme Industries): പ്ലാസ്റ്റിക്ക് ഫര്‍ണിച്ച, പ്ലാസ്റ്റിക്ക് പൈപ്പിങ് സംവിധാനം, പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനി. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വിറ്റുവരവ് 8.2 % വര്‍ധിച്ച് 2087 കോടി രൂപയായി, അറ്റാദായം 64 % ഇടിഞ്ഞ് 82 കോടി രൂപയായി. പലിശക്കും, നികുതിക്കും മുന്‍പുള്ള വരുമാനം (EBITDA) 53 % കുറഞ്ഞു -147 കോടി രൂപ. EBITDA മാര്‍ജിന്‍ 9.1 % കുറഞ്ഞ് 7.1 ശതമാനമായി.
വ്യാവസായിക, പാക്കേജിങ് വിഭാഗത്തില്‍ യഥാക്രമം 32 %, 18 % എന്നിങ്ങനെ വരുമാന വര്‍ധനവ് ഉണ്ടായി. പ്ലാസ്റ്റിക്ക് ബിസിനസില്‍ 2 %, കണ്‍സ്യുമര്‍ വിഭാഗത്തില്‍ പരന്ന വളര്‍ച്ച, പൈപ്പിങ് ബിസിനസില്‍ 7 % വരുമാന കുറവ് ഉണ്ടായി. വരും മാസങ്ങളില്‍ ഡിമാന്‍ഡ് മെച്ചപ്പെടുമെന്ന് കരുതുന്നു. വില്‍പന 18 ശതമാനവും വരുമാനം 12 ശതമാനവും വര്‍ധിക്കും (2022 -23 മുതല്‍ 2024 -25). അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് മാര്‍ജിന്‍ മെച്ചപ്പെടുത്തും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy) ലക്ഷ്യ വില 2446 രൂപ, നിലവില്‍ 2237 രൂപ
2. അംബുജ സിമെന്റ്റ്സ് (Ambuja Cements Ltd): അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പ്രമുഖ സിമന്റ് കമ്പനി. ഉല്‍പ്പാദന ശേഷി 31.5 ദശലക്ഷം ടണ്‍. 2022 മൂന്നാം പാദത്തില്‍ (സാമ്പത്തിക വര്‍ഷം ജനുവരി -ഡിസംബര്‍) സിമന്റ് വില്‍പ്പന വര്‍ധിച്ചതു കൊണ്ട് വരുമാനം 7.5 % വര്‍ധിച്ച് 7143 കോടി രൂപയായി. ഇന്ധന ചെലവ് വര്‍ധിച്ചതുകൊണ്ട് അറ്റാദായം 81.3 % ഇടിഞ്ഞ് 125 കോടി രൂപയായി. EBITDA മാര്‍ജിന്‍ 16.6 % ഇടിഞ്ഞ് 4.7 %. ഇന്ധന വിലക്കയറ്റം തുടര്‍ന്നും മാര്‍ജിനില്‍ സമ്മര്‍ദ്ധം ചെലുത്തും. ഏകീകരിച്ച ഉല്‍പ്പാദന ശേഷി 140 ദശലക്ഷം ടണ്ണായി ഉയര്‍ത്തും. മുന്‍ഗണന അടിസ്ഥാനത്തില്‍ ഓഹരി വിഹിതം നല്‍കിയതിനാല്‍ അംബുജ ഓഹരി ആകര്‍ഷകമല്ലാതായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : ഓഹരികള്‍ കുറക്കുക (Reduce) ലക്ഷ്യ വില 485, നിലവില്‍ 559 രൂപ
3. ഡാബര്‍ ഇന്ത്യ (Dabur India Ltd ): പ്രമുഖ എഫ്എംസിജി കമ്പനി, ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ, നാച്ചുറല്‍ ആരോഗ്യ സംരക്ഷണ കമ്പനി-250 തില്‍ അധികം ഉല്‍പ്പന്നങ്ങള്‍. വരുമാനം 6 % വര്‍ധിച്ച് 2986 കോടി രൂപയായി. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പാനീയങ്ങള്‍ എന്നിവയില്‍ ശക്തമായ വളര്‍ച്ച. നികുതിക്കും, പലിശക്കും മുന്‍പുള്ള വരുമാനം 601 കോടി രൂപ -മാര്‍ജിന്‍ 1.9 % വര്‍ധിച്ച് 20 ശതമാനമായി. ബാദ്ഷാ മസാല എന്ന കമ്പനിയെ ഏറ്റെടുത്തതോടെ എഫ്എംസിജി വിഭാഗത്തില്‍ കൂടുതല്‍ ശക്തരാകും. പണപെരുപ്പും മൂലമുള്ള പ്രശനങ്ങള്‍ നേരിടുന്നെങ്കിലും ഉത്സവ സീസണ്‍ ഡിമാന്‍ഡ്, ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധനവ് ഡാബറിന്റെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക, ലക്ഷ്യ വില- 616 രൂപ, നിലവില്‍- 557 രൂപ.
4. ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (Equitas Small Finance Bank ): ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാള്‍ ഫിനാന്‍സ് ബാങ്ക് (വായ്പകള്‍ നല്‍കിയ അടിസ്ഥാനത്തില്‍). ഭവന, വാഹന വായ്പകളില്‍ വളര്‍ച്ച ഉണ്ടായതിനാല്‍ മൊത്തം വായ്പകള്‍ 20 % വര്‍ധിച്ചു. ഡെപ്പോസിറ്റ്‌സ് 205 % വര്‍ധിച്ച് 21726 കോടി രൂപ യായി. അറ്റ പലിശ വരുമാനം 26 %, അറ്റാദായം 183 % വര്‍ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3.99 % (മുന്‍പ് 4.18 %), അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.97 % (നേരത്തെ 2.15%). വായ്പകളില്‍ 25 % വളര്‍ച്ചയും, ക്രെഡിറ്റ് ചെലവ് 1.5 ശതമാനമായി കുറയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം വാങ്ങുക- ലക്ഷ്യ വില -57 രൂപ, നിലവില്‍ 50 രൂപ
5. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC First Bank): ശക്തമായ ബിസിനസ് വളര്‍ച്ച, മാര്‍ജിന്‍ വര്‍ധനവ് കാരണം അറ്റ പലിശ വരുമാനം 26 % വളര്‍ച്ച കൈവരിക്കും. വായ്പകള്‍ ,ഡിപ്പോസിറ്റുകള്‍ എന്നിവയില്‍ 2021 -22 മുതല്‍ 2023 -24 കാലയളവില്‍ 24 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും. റീറ്റെയ്ല്‍ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3.18 %, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.09, ക്രെഡിറ്റ് ചെലവ് 1.5%.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക, ലക്ഷ്യ വില 62 രൂപ, നിലവില്‍ 57 രൂപ
6. പിവിആര്‍ ലിമിറ്റഡ് (PVR Ltd ): മള്‍ട്ടിപ്‌ളെക്‌സുകള്‍ നടത്തുന്ന പ്രമുഖ കമ്പനിയായ പി വി ആര്‍ 21 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം സ്‌ക്രീനുകള്‍ 864 (കൊളോമ്പോയില്‍ 9 എണ്ണം). കമ്പനിക്ക് പ്രധാന വരുമാന സ്രോതസ്സുകള്‍ - സിനിമ ടിക്കറ്റ് വില്‍പ്പന, ഭക്ഷണവും, പാനീയങ്ങളുടെ വില്‍പ്പന, പരസ്യ വരുമാനം. കൂടുതല്‍ ബോളിവുഡ് പടങ്ങള്‍ പരാജയപ്പെട്ടത് കൊണ്ട് 2022 -23 ആദ്യ പകുതിയില്‍ വരുമാനം ഇടിഞ്ഞു. 24 പുതിയ സ്‌ക്രീനുകള്‍ ആരംഭിച്ചു. ഉത്സവ സീസണില്‍ ആദായം വര്‍ധിക്കുമെന്ന് കരുതുന്നു. ഇനോക്‌സ് എന്ന മള്‍ട്ടിപ്ലെക്‌സ് കമ്പനിയുമായി ലയനം നടക്കുന്നത് ബിസിനസ് വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക, ലക്ഷ്യ വില- 2042 രൂപ, നിലവില്‍ 1829 രൂപ.
Stock Recommendation by Geojit Financial Services