ഐപിഒ പെരുമഴ; നിക്ഷേപിക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

ഓഹരി വിപണിയില്‍ വീണ്ടും ഐപിഒ പെരുമഴ വരുമ്പോള്‍ അതില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

Update: 2021-08-09 13:24 GMT

ഓഹരി വിപണി വീണ്ടും ഐപിഒ പൂരത്തിന് ഒരുങ്ങുകയാണ്. ഓഹരി വിപണിയില്‍ നിന്ന് മൊത്തം 55,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 30 കമ്പനികള്‍ ഇപ്പോള്‍ തന്നെ സെബിയില്‍ പേപ്പറുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റൊരു പത്ത് കമ്പനികള്‍ മൊത്തം 25,000 കോടി രൂപയുടെ സമാഹരണലക്ഷ്യവുമായി പേപ്പറുകള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു.

ഇതില്‍ സൊമാറ്റോ പോലുള്ള ന്യൂജെന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒറ്റുനോക്കുന്നത്. രാകേഷ് ജുന്‍ജുന്‍വാലയെ പോലെ രാജ്യത്തെ സെലിബ്രിറ്റി നിക്ഷേപകരുടെ കണ്ണിലുണ്ണികളായ കമ്പനികളും ഐപിഒയുമായി വിപണിയിലെത്തുകയാണ്. രാജ്യത്തിലെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎമ്മും വരുന്നു.

ഈ സാഹചര്യത്തില്‍ നിക്ഷേപകരുടെ ശ്രദ്ധ എന്തായാലും ഐപിഒകളില്‍ പതിയുന്നുമുണ്ടാകും.
എന്നാല്‍ ഐപിഒകളില്‍ നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
ഐപിഒയില്‍ നിക്ഷേപിക്കും മുമ്പേ, നിക്ഷേപകര്‍ ആ കമ്പനിയുടെ ഏറ്റവും കുറഞ്ഞത് മൂന്നുവര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനം പരിശോധിച്ചിരിക്കണം. പരിശോധിച്ചിരിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. അവസരം നഷ്ടമാകുമെന്നോര്‍ത്ത് ചാടിവീഴരുത്: ഐപിഒ നടത്തുമ്പോള്‍ തന്നെ വാങ്ങിയാല്‍ വന്‍ ലാഭം കിട്ടുമെന്ന ധാരണയൊന്നും വേണ്ട. നിക്ഷേപകര്‍ ആദ്യം തന്നെ ഐപിഒ നടത്തുന്ന കമ്പനികള്‍ സെബിയില്‍ സമര്‍പ്പിക്കുന്ന ഡിആര്‍എച്ച്പി പരിശോധിക്കുക. അതില്‍ നിന്ന് കമ്പനിയുടെ മാനേജ്‌മെന്റിന്റെ ചിത്രം ലഭിക്കും. അവരുടെ പ്രവര്‍ത്തന പാരമ്പര്യം മനസ്സിലാകും. യോഗ്യത അറിയാന്‍ പറ്റും. മാത്രമല്ല, ആ ബിസിനസിന്റെ സാധ്യതയും റിസ്‌കും ഇതില്‍ നിന്ന് വായിച്ച് മനസ്സിലാക്കാന്‍ പറ്റും.

2. നിക്ഷേപക സ്ഥാപനങ്ങളുടെ പ്രതികരണം എന്താണ്? ഓരോ ഐപിഒയ്ക്കും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താണെന്ന് നോക്കണം. അവര്‍ ഓരോ കമ്പനിയെയും കുറിച്ച് ഗൗരവമായി പഠിക്കാതെ നിക്ഷേപം നടത്തില്ല. നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് തണുത്ത പ്രതികരണമാണെങ്കില്‍ സാധാരണ നിക്ഷേപകര്‍ ഓടിപ്പിടിച്ച് നിക്ഷേപിക്കാന്‍ പോകേണ്ടതില്ല. അതല്ല നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണെങ്കില്‍ കമ്പനിക്ക് സാധ്യതയുണ്ടെന്ന അനുമാനത്തില്‍ എത്തിപ്പെടാം.

3. വാല്വേഷന്‍ നോക്കുക. ഓവര്‍ വാല്വേഷനിലാണെങ്കില്‍ തിരക്കിട്ട് വാങ്ങണമെന്നില്ല. അതായത് ആ കമ്പനിയുടെ രംഗത്തെ ഇതര കമ്പനികളുടെ ഓഹരി വിലകളും ഒക്കെയായി താരതമ്യം ആകാം.

4. സാമ്പത്തിക നില നോക്കുക. ഓരോ വര്‍ഷവും കമ്പനിയുടെ ബിസിനസും വരുമാനവും വര്‍ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. മാത്രമല്ല, ആ രംഗത്തെ ഇതര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല പ്രകടനമല്ലെങ്കില്‍ ഐപിഒയില്‍ ചാടി വീഴേണ്ട. കാരണം ആ കമ്പനി ഒരു അണ്ടര്‍പെര്‍ഫോര്‍മറാകും.

5. ഭാവിയിലെ സാധ്യതയും റിസ്‌കും അറിയുക. അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണിപ്പോള്‍. അതുകൊണ്ട് ഐപിഒ നടത്തുന്ന കമ്പനികളുടെ മേഖലയിലെ സാഹചര്യങ്ങള്‍, അവരുടെ എതിരാളികള്‍, ഐപിഒ നടത്തുന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ എന്നിവ എതിരാളികളുടേതിനേക്കാള്‍ എങ്ങനെ മികച്ചു നില്‍ക്കുന്നു, കമ്പനിയുടെ ഭാവി സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിച്ചശേഷം വേണം നിക്ഷേപം നടത്താന്‍.

6. നിങ്ങള്‍ക്ക് മനസ്സിലാകുന്ന ബിസിനസാണെങ്കില്‍ നിക്ഷേപം നടത്തുക. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ബിസിനസുകള്‍ നടത്തുന്ന കമ്പനിയുടെ ഐപിഒ ഒഴിവാക്കിയാലും കുഴപ്പമൊന്നും സംഭവിക്കില്ല. നിങ്ങള്‍ക്ക് അറിയാത്ത ബിസിനസ് മേഖലയിലെ കമ്പനിയുടെ ഭാവി സാധ്യതയും പ്രശ്‌നങ്ങളും എങ്ങനെയാണ് വിലയിരുത്താനാവുക. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം. പക്ഷേ ടിപ്‌സ്, ഊഹാപോഹങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഒരുപാട് ചെവികൊടുക്കരുത്. നിങ്ങള്‍ സ്വയം ഹോം വര്‍ക്ക് നടത്തി മികച്ചതെന്ന് തോന്നുവയില്‍ നിക്ഷേപിക്കുക.



Tags:    

Similar News