അറ്റാദായത്തില്‍ 86 ശതമാനം വര്‍ധന, ഈ ടാറ്റ ഓഹരി ഒറ്റയടിക്ക് ഉയര്‍ന്നത് 8 ശതമാനം

637 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം

Update: 2022-08-10 05:14 GMT

ജൂണ്‍ പാദത്തില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് (Tata Chemicals Limited). 86.25 ശതമാനം വര്‍ധനവോടെ 637 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ ടാറ്റ കെമിക്കല്‍സിന്റെ ഏകീകൃത അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 342 കോടി രൂപയായിരുന്നുവെന്ന് ടാറ്റ കെമിക്കല്‍സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 2,978 കോടി രൂപയില്‍നിന്ന് 34.15 ശതമാനം വര്‍ധിച്ച് 3,995 കോടി രൂപയായി.
അതേസമയം, കഴിഞ്ഞപാദത്തിലെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് എട്ട് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. 10.10 ന് 8.29 ശതമാനം അഥവാ 80 രൂപ ഉയര്‍ന്ന് 1036 രൂപ എന്ന നിലയിലാണ് ഈ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 22 ശതമാനത്തിന്റെയും വര്‍ധനവും ഈ ഓഹരിയിലുണ്ടായി.


Tags:    

Similar News