അദാനി ഗ്രൂപ്പിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ അബുദബി കമ്പനി

ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് അദാനി കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അബുദബി കമ്പനിയുടെ പിന്മാറ്റം

Update:2023-09-29 12:34 IST

Photo : Gautam Adani / Instagram

ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് കരകയറാനും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്നതിനിടെ അദാനി ഗ്രൂപ്പിന് തിരിച്ചടിയായി അബുദബി കമ്പനിയുടെ പിന്മാറ്റം.അദാനി ഗ്രൂപ്പിന് കീഴിലെ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയുമെന്ന് അബുദബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ.എച്ച്.സി) ആണ് വ്യക്തമാക്കിയത്. 23,598 കോടി ഡോളറിലധികം മൂല്യമുള്ള (ഏകദേശം 20 ലക്ഷം കോടി രൂപ) യു.എ.ഇയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഐ.എച്ച്.സി.

ഗ്രീന്‍ എനര്‍ജിയും എനര്‍ജി സൊല്യൂഷന്‍സും

അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി എനര്‍ജി സൊല്യൂഷന്‍സിലുമുള്ള ഐ.എച്ച്.സിയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.26 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 1.41 ശതമാനവും ഓഹരിയുമാണുള്ളത്. യു.എ.ഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മേല്‍നോട്ടം വഹിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഐ.എച്ച്.സി.

അതേസമയം അബുദബി കമ്പനി ഓഹരികള്‍ വില്‍ക്കുന്ന വിവരം അദാനി ഗ്രീന്‍ എനര്‍ജിയും അദാനി എനര്‍ജി സൊല്യൂഷനും സ്ഥിരീകരിച്ചിട്ടില്ല. യു.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗൗതം അദാനിയുടെ ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരായ പോരാട്ടം തുടരുന്നതിനിടെയാണ് അബുദാബി കമ്പനിയുടെ പിന്‍മാറ്റം. അദാനി ഗ്രൂപ്പ് കമ്പനികള്‍ ഓഹരിയില്‍ കൃത്രിമം നടത്തുകയും ഗണ്യമായി ഉയര്‍ന്ന കടബാധ്യത ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

Tags:    

Similar News