ഉയർത്തെണീറ്റ് അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡെന്‍ബെര്‍ഗ് തകർത്ത നേട്ടം തിരിച്ചു പിടിച്ചു

രാജീവ് ജെയിന്റെ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന് അദാനി ഓഹരികള്‍ നല്‍കിയത് 150 ശതമാനം നേട്ടം

Update:2024-05-24 18:36 IST

Photo : Gautam Adani / Website

ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങള്‍ കരിനിഴല്‍ വീഴ്ത്തയിതിനെ തുടര്‍ന്ന് ഓഹരികള്‍ക്കുണ്ടായ കനത്ത നഷ്ടം മുഴുവന്‍ തിരിച്ച് പിടിച്ച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസ്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 23 ശതമാനത്തോളം കുതിച്ചുയര്‍ന്ന ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരവും തൊട്ടു. ഇന്ന് രണ്ട് ശതമാനം ഉയര്‍ന്ന് 3,455 രൂപയിലാണ് ഓഹരിയുള്ളത്. എന്നാലും 2022 ഡിസംബര്‍ 21ന് നേടിയ റെക്കോഡ് ഉയരമായ 4,189.55 രൂപയില്‍ നിന്ന് ഇപ്പോഴും 21 ശതമാനം അകലെയാണ് ഓഹരി വില.

അദാനി കമ്പനികള്‍ ഓഹരികളില്‍ കൃത്രിമം കാണിക്കുന്നുവെന്നതടക്കം ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിവിട്ട ആരോപണങ്ങളെ തുടര്‍ന്ന് ഇടിവിലേക്ക് പോയ അദാനി എന്റര്‍പ്രൈസസ് ഓഹരി വില 2023 ഫെബ്രുവരിയില്‍ 1,017.45 രൂപ വരെ ഇടിഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ മൂന്ന് മടങ്ങ് ഉയര്‍ന്ന് 3,455 രൂപയിലെത്തിയത്.

സെന്‍സെക്‌സിലേക്കുള്ള പ്രവേശനം

സെന്‍സെക്‌സ് ഓഹരികളിലേക്ക് ഇന്ന് മുതല്‍ അദാനി ഓഹരികള്‍ പ്രവേശിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതാണ് ഇന്ന് ഓഹരികളെ മുഖ്യമായി ഉയര്‍ത്തിയത്. എന്നാൽ ആറുമാസം കൂടുമ്പോഴുള്ള ഓഹരികളുടെ മാറ്റം ഇന്ന് ബി.എസ്.ഇ പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അദാനി പോർട്സിനെയാണ് സെൻസെക്സിൽ ഉൾപ്പെടുത്തിയത്. ജൂൺ 24 മുതലായിരിക്കും അഡ്ജസ്റ്റ്‌മെന്റ് നടക്കുക.

മറ്റ് കമ്പനികളിലും മുന്നേറ്റം

അദാനി എന്റര്‍പ്രൈസസ് മാത്രമല്ല, അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളില്‍ അഞ്ചെണ്ണവും ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു മുമ്പുള്ള നിലവാരത്തിലാണ് ഇപ്പോൾ. ഈ ആഴ്ചയാദ്യമാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 200 ബില്യണിലേക്ക് (16.9 ലക്ഷം കോടി രൂപ) തിരിച്ചെത്തിയത്.

കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നുവെന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിന്റെ (OCCRP) റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നെങ്കിലും അത് നിക്ഷേപകര്‍ അവഗണിച്ചു. ഓഹരികളില്‍ വലിയ ചലനമുണ്ടാക്കാന്‍ ആരോപണത്തിനായില്ല.

ജി.ക്യു.ജിക്ക് നേട്ടം 150 ശതമാനം

അദാനി ഗ്രൂപ്പ് കമ്പനികളുടെ ശക്തമായ മുന്നേറ്റം പ്രമുഖ നിക്ഷേപകനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന് ഒരു വര്‍ഷം കൊണ്ട് നല്‍കിയത് 150 ശതമാനം നേട്ടമാണ്.

ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് ഓഹരി വിലകള്‍ ഇടിഞ്ഞു നിന്ന സമയത്താണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്സ് അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്. മൂന്ന് തവണകളായാണ് മൊത്തം 430 കോടി ഡോളര്‍ നിക്ഷേപിച്ചത് അതിപ്പോള്‍ 150 ശതമാനം ഉയര്‍ന്ന് 1,000 കോടി ഡോളറായി.

Tags:    

Similar News