ശ്രീസിമന്റ് ഔട്ട്, നിഫ്റ്റി 50ല്‍ ഇടം നേടി അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ് സെപ്റ്റംബര്‍ 30 മുതല്‍ നിഫ്റ്റി50 സൂചികയില്‍

Update:2022-09-02 11:47 IST

ഓഹരി വിപണിയിലെ ഹെഡ്‌ലൈന്‍ സൂചികയായ നിഫ്റ്റി 50 (Nifty 50) ല്‍ ഇടംനേടി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസ് (Adani Enterprises). നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (NSE) ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ സിമന്റിന് പകരമാണ് ഈ അദാനി കമ്പനി ബെഞ്ച്മാര്‍ക്ക് സൂചികയില്‍ ഇടംനേടിയത്. അദാനി എന്റര്‍പ്രൈസസ് സെപ്റ്റംബര്‍ 30 മുതല്‍ നിഫ്റ്റി50 സൂചികയില്‍ ഉള്‍പ്പെടും. അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ ഇക്കണോമിക് സോണിന് ശേഷം നിഫ്റ്റി സൂചികയില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അദാനി കമ്പനിയാണിത്.

ഒന്നിലധികം മാനദണ്ഡങ്ങളുടെയും ജനുവരി, ജൂലൈ മാസങ്ങളില്‍ അവസാനിക്കുന്ന ആറ് മാസത്തെ ഡാറ്റയുടെയും അടിസ്ഥാനത്തില്‍ എന്‍എസ്ഇ സൂചികയിലെ സ്റ്റോക്കുകളുടെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും അവലോകനം ചെയ്യാറുണ്ട്. കൂടാതെ, ജൂനിയര്‍ നിഫ്റ്റി എന്നറിയപ്പെടുന്ന നിഫ്റ്റി നെക്സ്റ്റ് 50 ഉം എന്‍എസ്ഇ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. അദാനി ടോട്ടല്‍ ഗ്യാസ്, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, ഐആര്‍സിടിസി, എംഫാസിസ്, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, ശ്രീ സിമന്റ്സ് എന്നിവയാണ് ഇതില്‍ പുതിയതായി പ്രവേശിച്ചത്. റൂഫണ്‍, ബംഗൂര്‍ പവര്‍, ശ്രീ ജംഗ് രോധക്, ബാംഗൂര്‍ സിമന്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള മുന്‍നിര സിമന്റ് നിര്‍മാണ സ്ഥാപനമാണ് ശ്രീ സിമന്റ്. അദാനി എന്റര്‍പ്രൈസസ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, പിഎന്‍ബി തുടങ്ങിയവ നിഫ്റ്റി നെക്സ്റ്റ് 50ല്‍നിന്ന് പുറത്തുപോകും.
ഒരു ഓഹരിക്ക് 2,263 രൂപയുള്ള അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂല്യം 3.72 ലക്ഷം കോടി രൂപയാണ്. ഒരുമാസത്തിനിടെ 22 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 99 ശതമാനത്തിന്റെയും നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News