അംബാനിമാരെ മറികടന്ന് അദാനിക്കുടുംബത്തിന്റെ ആസ്തി; ഊര്‍ജമായത് സുപ്രീം കോടതി വിധി

ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍ അദാനിക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടതി വിധിച്ചിരുന്നു

Update:2024-01-04 11:09 IST

Image : Dhanam File

അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡെന്‍ബര്‍ഗ് തൊടുത്തുവിട്ട ആരോപണ ശരങ്ങള്‍ സുപ്രീം കോടതി വിധിയില്‍പ്പെട്ട് കൊഴിഞ്ഞുവീണതോടെ അദാനി കുടുംബത്തിന്റെ ആസ്തിയില്‍ ദൃശ്യമായത് വന്‍ മുന്നേറ്റം. മുകേഷ് അംബാനിയുടെ കുടുംബത്തെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമെന്ന നേട്ടവും അദാനിക്കുടുംബം സ്വന്തമാക്കി.

ഇന്നലെയാണ് ഏവരും കാത്തിരുന്ന വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഓഹരികളില്‍ അദാനി ഗ്രൂപ്പ് കൃത്രിമംകാട്ടിയെന്നും കടലാസ് കമ്പനികള്‍ വഴി നിക്ഷേപം നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളായിരുന്നു 2023ന്റെ തുടക്കത്തില്‍ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ചത്.
ഈ വിഷയത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. ഇവയിന്മേലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വിധി പറഞ്ഞത്.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി നിലവിലെ സെബിയുടെ (SEBI) അന്വേഷണത്തിന് മൂന്നുമാസത്തെ സാവകാശം കൂടി അനുവദിച്ചു. മാത്രമല്ല, ഹിന്‍ഡെന്‍ബര്‍ഗും ഒ.സി.സി.ആര്‍.പിയും മറ്റും പുറത്തുവിട്ട വിവരങ്ങള്‍ തെളിവായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിധിയില്‍ കസറി ഓഹരികള്‍, ആസ്തിയും മുന്നോട്ട്
കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടായതോടെ ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം മുന്നേറി. 11.60 ശതമാനം നേട്ടവുമായി അദാനി ഗ്രീന്‍ എനര്‍ജി മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 15 ലക്ഷം കോടി രൂപയും ഭേദിച്ചു. ഇതോടെ, അദാനി കുടുംബത്തിന്റെ ആസ്തിയും കുതിക്കുകയായിരുന്നു.
8.98 ലക്ഷം കോടി രൂപയില്‍ നിന്ന് 9.37 ലക്ഷം കോടി രൂപയിലേക്കാണ് അദാനി കുടുംബത്തിന്റെ ആസ്തി ഇന്നലെ ഉയര്‍ന്നത്. ഇതോടെ, ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമെന്ന നേട്ടവും സ്വന്തമാക്കുകയായിരുന്നു. അതേസമയം, മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ആസ്തി ഇന്നലെ 9.38 ലക്ഷം കോടി രൂപയില്‍ നിന്ന് 9.28 ലക്ഷം കോടി രൂപയായി കുറയുകയാണുണ്ടായത്.
മുന്നില്‍ അംബാനി തന്നെ
വ്യക്തിഗത ആസ്തിയില്‍ ബ്ലൂംബെര്‍ഗ് റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം ഇപ്പോഴും ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ്.
ലോക ശതകോടീശ്വര പട്ടികയില്‍ 12-ാമതുള്ള അദ്ദേഹത്തിന്റെ ആസ്തി 9,620 കോടി ഡോളറാണ് (7.98 ലക്ഷം കോടി രൂപ). 14-ാമതുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 8,990 കോടി ഡോളര്‍ (7.46 ലക്ഷം കോടി രൂപ).
ഇന്നില്ല ആ ഉണര്‍വ്
ഇന്നലെ കാഴ്ചവച്ച ആവേശം ഇന്ന് പക്ഷേ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കാണ്മാനില്ല! ഇന്നലത്തെ താരമായ അദാനി ഗ്രീന്‍ എനര്‍ജി ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനില്‍ 0.70 ശതമാനം നഷ്ടത്തിലാണുള്ളത്.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവയും ഇന്ന് 1.46 ശതമാനം വരെ നഷ്ടത്തിലാണുള്ളത്.
എ.സി.സി., അംബുജ സിമന്റ്, അദാനി പോര്‍ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ 1.46 ശതമാനം വരെ നേട്ടത്തിലാണ്.
Tags:    

Similar News