ഒന്നാം പാദത്തില്‍ 10 മടങ്ങ് അറ്റാദായം നേടിയ അദാനി കമ്പനിയിതാ
ജൂണ്‍ പാദത്തിലെ അറ്റാദായം 10 മടങ്ങ് വര്‍ധിച്ച് 219 കോടിയായാണ് ഉയര്‍ന്നത്
2021-22 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ അറ്റാദായത്തില്‍ 10 മടങ്ങ് വര്‍ധനവുമായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. ജൂണ്‍ പാദത്തിലെ ഏകീകൃത അറ്റാദായം 10 മടങ്ങ് വര്‍ധിച്ച് 219 കോടിയായാണ് ഉയര്‍ന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റാദായം 22 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
അതേസമയം മൊത്തം വരുമാനം അവലോകന പാദത്തില്‍ 1,079 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 878 കോടി രൂപയായിരുന്നു വരുമാനം.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ വളര്‍ച്ച ത്വരിതഗതിയില്‍ തുടരുകയാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ''രണ്ട് വര്‍ഷത്തിനിടെ ലോകത്തിലെ മറ്റേതൊരു കമ്പനിയേക്കാളും വേഗത്തില്‍ ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തി, ലോകത്തിലെ പുനരുപയോഗ എനര്‍ജി ബ്രിഗേഡിന്റെ മുന്‍നിരയിലേക്ക് എജിഇഎല്‍ മുന്നേറി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ജൂണ്‍ പാദത്തില്‍ വൈദ്യുതി വില്‍പ്പന 2,054 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 1,385 ദശലക്ഷം യൂണിറ്റായിരുന്നു ഇത്.