അദാനിയുടെ യു.പി.ഐ മൊബൈൽ ആപ്പ് വരുന്നൂ; ഒപ്പം ഇ-കൊമേഴ്‌സും, ഇതാ വിശദാംശങ്ങള്‍

യു.പി.ഐ സേവനത്തിലേക്കും അദാനി ഗ്രൂപ്പ്, അദാനി എന്റര്‍പ്രൈസസ് 16,600 കോടി സമാഹരിക്കും

Update: 2024-05-28 09:53 GMT

Image : adani.com

ചുരുങ്ങിയ കാലംകൊണ്ട് ജനകീയമായി മാറിയ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ കരുത്തറിയിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും തയ്യാറെടുക്കുന്നു. 2022ല്‍ കമ്പനി അവതരിപ്പിച്ച 'അദാനി വണ്‍' (Adani One) മൊബൈല്‍ ആപ്പിന്റെ സേവനം കൂടുതല്‍ വിപുലമാക്കാനാണ് ശ്രമം.
നിലവില്‍ അദാനി വണ്‍ ആപ്പ് വഴി വിമാനടിക്കറ്റ്, ഹോട്ടല്‍ മുറികള്‍ തുടങ്ങിയവ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
യു.പി.ഐ സേവനം ലഭ്യമാക്കാനുള്ള ലൈസന്‍സ് നേടാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകള്‍ക്കൊപ്പം ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് (കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്) സേവനം ലഭ്യമാക്കാനുള്ള ചര്‍ച്ചകളും അദാനി ഗ്രൂപ്പ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കല്‍ക്കരി, ഊര്‍ജം, തുറമുഖം, അടിസ്ഥാനസൗകര്യ വികസനം, വിമാനത്താവള മാനേജ്‌മെന്റ്, മാധ്യമം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദാനിയുടെ പുതിയ ചുവടുവയ്പ്പായിരിക്കും ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്കുള്ള പ്രവേശനം.
വൈവിധ്യവത്കരണത്തിന് അദാനി, റിലയന്‍സിന് വെല്ലുവിളി
അദാനി വണ്‍ ആപ്പുവഴി യു.പി.ഐ സേവനത്തിലേക്ക് കടക്കാനുദ്ദേശിക്കുന്ന അദാനി ഗ്രൂപ്പ്, കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിലും (ONDC) സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ്. ഇതുവഴി ഇ-കൊമേഴ്‌സിലും സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റല്‍ രംഗത്തേക്കും കടക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് യു.പി.ഐ., ഇ-കൊമേഴ്‌സ് മേഖലകളെ ഉന്നംവയ്ക്കുന്നത്. നിലവില്‍ യു.പി.ഐയില്‍ ശക്തരായ ഗൂഗിളിന്റെ ഗൂഗിള്‍പേ, ഫോണ്‍പേ, ആമസോണ്‍പേ എന്നിവയ്ക്കും ഡിജിറ്റല്‍ രംഗത്തെ പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയ്ക്കും വെല്ലുവിളിയായിരിക്കും അദാനിയുടെ ചുവടുവയ്പ്പ്.
ഓഹരി വില്‍പനയ്ക്ക് അദാനി എന്റര്‍പ്രൈസസ്
യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വിറ്റഴിക്കുന്ന ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (QIP) വഴി 16,600 കോടി രൂപ സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി.
ഒരു രൂപ മുഖവിലയുള്ള ഓഹരികളിറക്കിയോ അല്ലെങ്കില്‍ കടപ്പത്രങ്ങളിലൂടെയോ ആയിരിക്കും ധനസമാഹരണമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ കമ്പനി അറിയിച്ചു.
ജൂണ്‍ 24ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ചേരുന്നുണ്ട്. അതില്‍ ഓഹരി ഉടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ധനസമാഹരണം. ഉപകമ്പനിയായ അദാനി എനര്‍ജി സൊല്യൂഷന്‍സും 12,500 കോടി രൂപ ക്യു.ഐ.പി വഴി സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
Tags:    

Similar News