അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി! ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം, ഓഹരി വിലകള്‍ താഴ്ന്നു

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു

Update:2021-07-19 17:00 IST

സെബിയും റവന്യു ഇന്റലിജന്‍സും അദാനി ഗ്രൂപ്പിലെ ചില കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിലെ കമ്പനികള്‍ സെബിയുടെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് സെബി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണവ.

ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു.

കഴിഞ്ഞ മാസം എന്‍ എസ് ഡി എല്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞിരുന്നു.

കമ്പനികള്‍ക്കെതിരെ അന്വേഷണം ഇതിനകം ആരംഭിച്ചോയെന്നും വ്യക്തമല്ല. ഏതെല്ലാം കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News