അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കിന്ന് കറുത്ത ദിനം, വിപണി മൂല്യത്തില്‍ നിന്ന് ഒഴുകിപ്പോയത് ₹1.25 ലക്ഷം കോടി
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഇടിവ് 13 ശതമാനത്തോളം
ഗൗതം അംബാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കിന്ന് കണ്ണീര്‍ ദിനം. ഒറ്റദിവസത്തെ ഇടിവില്‍ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ നിന്നൊഴുകിപ്പോയത് 1.25 ലക്ഷം കോടി രൂപ. ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിന്റെ 5.7 ശതമാനം വരുമിത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് പ്രകാരം 15.85 കോടി രൂപയായിരുന്നു ഗ്രൂപ്പിന്റെ വിപണി മൂല്യം.
ഗ്രൂപ്പിലെ 10 ഓഹരികളിലും ഇന്ന് രക്തപ്പുഴയായിരുന്നു. അദാനി ഗ്രീന്‍ എനര്‍ജിയാണ് ഇന്നത്തെ നഷ്ടക്കച്ചവടത്തിലെ പ്രധാനി. 13 ശതമാനം ഇടിഞ്ഞ ഓഹരി 1,650 രൂപവരെയെത്തി. നിഫ്റ്റി സൂചികകളിലെ മുഖ്യകമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവ യഥാക്രമം 5.5 ശതമാനം, 5.3 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
ഏഴാം ദിനത്തിലും ഇടിഞ്ഞ് അദാനി എന്റര്‍പ്രൈസസ്
തുടര്‍ച്ചയായ ഏഴാം ദിനമാണ് അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഇടിവിലാകുന്നത്. എന്നാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയായ 1,573 രൂപയില്‍ നിന്ന് 100 ശതമാനം ഉയര്‍ന്നാണ് ഓഹരിയുള്ളത്. ഹിന്‍ഡന്‍ബെര്‍ഗ് ആരോപണത്തെ തുടര്‍ന്ന് 2023 ജനുവരിയില്‍ കുത്തനെ താഴ്ന്നിരുന്നു.
ഗ്രൂപ്പിനു കീഴിലെ സിമന്റ് നിര്‍മാണ കമ്പനിയായ എ.സി.സി, അംബുജ സിമന്റ് എന്നിവ 4.3 ശതമാനം, 2.9 ശതമാനം എന്നിങ്ങനെ താഴ്ന്നു. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി, അദാനി വില്‍മര്‍ എന്നീ ഓഹരികള്‍ നാല് മുതല്‍ ഏഴ് ശതമാനം വരെയും ഇടിഞ്ഞു.
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍
വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലായിരുന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളാണ് ഇന്ന് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. ശക്തമായ കുതിപ്പു കാഴ്ചവച്ചതിനെ തുടര്‍ന്ന് മ്യൂച്വല്‍ഫണ്ടുകളോട് നിക്ഷേപങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സെബിയുടെ നിര്‍ദേശമാണ് മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഇടിവുണ്ടാക്കിയത്. ഫെബ്രുവരി 19ന് ശേഷം ബി.എസ്.ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്‌മോള്‍ക്യാപ് സൂചിക ഏഴ് ശതമാനവുമാണ് ഇടിഞ്ഞത്.