ഇത് അദാനിയുടെ ആറാട്ട്, വിപണി മൂല്യത്തില്‍ 88 ശതമാനം കുതിച്ചുചാട്ടം
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 12.53 ലക്ഷം കോടിയായി ഉയര്‍ന്നു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിപണി മൂല്യത്തില്‍ കുതിച്ചുചാട്ടവുമായി അദാനി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ വിപണി മൂല്യം 88 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് 6.68 ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യമെങ്കില്‍ വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം അത് 12.53 ലക്ഷം കോടിയായി.
അതേസമയം, ടാറ്റ, മുകേഷ് അംബാനി എന്നിവയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിപണി മൂല്യവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുതിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ വിപണി മൂല്യം 38.1 ശതമാനം ഉയര്‍ന്ന് 18.16 ലക്ഷം കോടിയായപ്പോള്‍ ടാറ്റയുടേത് 33.6 ശതമാനം വര്‍ധിച്ച് 23.76 ലക്ഷം കോടിയായി.
കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ വിപണി മൂല്യത്തില്‍ 34.2 ശതമാനം പങ്കും ഈ മൂന്ന് ഗ്രൂപ്പുകള്‍ക്കാണ്. കഴിഞ്ഞവര്‍ഷം ഇത് 31 ശതമാനമായിരുന്നു. 2016 ലെ 22 ശതമാനം എന്നതില്‍നിന്നാണ് ഈ മൂന്ന് ഗ്രൂപ്പുകളും തങ്ങളുടെ ആകെ പങ്കാളിത്തം 34.2 ശതമാനമാക്കി ഉയര്‍ത്തിയത്.