അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന് അംഗീകാരം, പിന്നാലെ വിപണിയില്‍ ഉയര്‍ന്ന് അദാനി പവര്‍

ബുധനാഴ്ച അദാനി പവറിന്റെ ഓഹരി വില 5 ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്

Update:2022-03-23 17:51 IST

ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തങ്ങളുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറി അദാനി പവര്‍. 5.09 ശതമാനം നേട്ടത്തോടെ 130.05 രൂപ എന്ന ഓഹരി വിലയിലാണ് ഇന്ന് അദാനി പവര്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ഓഹരി വില 134.20 രൂപയിലെത്തി. ഇന്നലെയാണ് അദാനി പവര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ്, കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള വിവിധ സബ്‌സിഡിയറികളുടെ സംയോജന പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ബിഎസ്ഇ ഫയലിംഗ് അനുസരിച്ച്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (മുന്ദ്ര) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. ലയനം 2021 ഒക്ടോബര്‍ 1 തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഫലമായി ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിനായിരിക്കും.

സ്‌കീമിന് കീഴിലുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ മാറ്റമൊന്നും ഉണ്ടാകില്ല, സ്‌കീമുമായി ബന്ധപ്പെട്ട് സ്ഥാപനം ഓഹരികളൊന്നും ഇഷ്യൂ ചെയ്യുന്നില്ലെന്നും കമ്പനി ബിഎസ്ഇ ഫയലിംഗില്‍ വ്യക്തമാക്കി. അദാനി പവറിന്റെ ആറ് അനുബന്ധസ്ഥാപനങ്ങളും വൈദ്യുതി ഉല്‍പ്പാദനം, വില്‍പ്പന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.


Tags:    

Similar News