വിപണിയില്‍ 'പവര്‍' കാട്ടി അദാനി പവര്‍, ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലയില്‍
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 41 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് അദാനി പവര്‍ (Adani Power) . അദാനി പവറിന്റെ ഓഹരികള്‍ 16 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 173.65 രൂപ എന്ന നിലയിലാണ് ഇന്ന് അദാനി പവറിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള സംയോജന പദ്ധതിക്ക് കമ്പനി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അദാനി പവറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നത്. തുടര്‍ച്ചയായി ആറ് ട്രേഡിംഗ് ദിവസങ്ങളിലായി അദാനി പവറിന്റെ ഓഹരി വില കുതിച്ചുയരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 38.4 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (Mundra) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. ലയനം 2021 ഒക്ടോബര്‍ 1 തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഫലമായി ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിനായിരിക്കും. കൂടാതെ, ജപ്പാന്‍ കമ്പനിയായ ഐഎച്ച്ഐ കോര്‍പ്പറേഷനുമായും കോവ കമ്പനിയുമായും () കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. KOVA
നേരത്തെ, വിപണിയില്‍ മുന്നേറിയിരുന്ന അദാനി പവര്‍, അദാനി ഗ്രൂപ്പുകളിലെ മൂന്ന് വിദേശ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താഴ്ചയിലേക്ക് വീണത്. 2021 ഓഗസ്റ്റില്‍ അദാനി പവറിന്റെ ഓഹരി വില 73 രൂപയിലേക്ക് വരെ താഴ്ന്നു. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതോടെയാണ് ഈ കമ്പനി ഉയരാന്‍ തുടങ്ങിയത്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ അദാനി പവര്‍ 218.49 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് രേഖപ്പെടുത്തിയത്. മൊത്തവരുമാനം ഈ പാദത്തില്‍ 5,593.58 കോടി രൂപയായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7,099.20 കോടി രൂപയായിരുന്നു.