അദാനിയുടെ 'രക്ഷകന്‍' ഒരുവര്‍ഷത്തിനിടെ വാരിക്കൂട്ടിയത് നിക്ഷേപത്തിന്റെ ഇരട്ടിയോളം ലാഭം
ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നുള്ളത് നേട്ടത്തില്‍
ഒരുവര്‍ഷം മുമ്പാണ് ഇന്ത്യന്‍ വ്യവസായ, വാണിജ്യ, രാഷ്ട്രീയ ലോകത്തെയാകെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപക ഗവേഷണ സ്ഥാപനവും ഷോര്‍ട്ട്‌സെല്ലര്‍മാരുമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണശരങ്ങള്‍ തൊടുത്തുവിട്ടത്. ഫലമോ, അദാനി ഓഹരികളാകെ തകര്‍ന്നടിഞ്ഞു. അദാനി ഗ്രൂപ്പിനും ചെയര്‍മാന്‍ ഗൗതം അദാനിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം പെരുമഴയെന്നോണം പെയ്തു. ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണത്തിന്മേല്‍ സെബി (SEBI) അന്വേഷണവും ആരംഭിച്ചു.
വിദേശത്തെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം നടത്തി, അദാനി ഗ്രൂപ്പ് ഓഹരിവില കൃത്രിമമായി പെരുപ്പിച്ചെന്നും ഇങ്ങനെ ഊതിവീര്‍പ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ച് വായ്പകള്‍ തരപ്പെടുത്തിയെന്നും മറ്റുമായിരുന്നു ഹിന്‍ഡെന്‍ബെര്‍ഗിന്റെ മുഖ്യ ആരോപണങ്ങള്‍. തുടര്‍ന്ന്, ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദം ശക്തമായതോടെ മൂല്യത്തില്‍ നിന്ന് ശതകോടികള്‍ ഒലിച്ചുപോകുന്നതാണ് അദാനി ഗ്രൂപ്പ് കണ്ടത്.
പ്രതിസന്ധിക്കാലത്തെ രക്ഷകന്‍
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങളേറ്റ് തളര്‍ന്ന അദാനി ഗ്രൂപ്പ് ഓഹരികളുടെ രക്ഷകനായി പ്രതിസന്ധിക്കാലത്ത് മുന്നോട്ടുവന്നതാണ് പ്രമുഖ അമേരിക്കന്‍ ഇക്വിറ്റി നിക്ഷേപകസ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയ്ന്‍ നയിക്കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് 2023 മാര്‍ച്ചില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ ഓഹരികള്‍ സ്വന്തമാക്കി. മൊത്തം 15,446 കോടി രൂപയുടേതായിരുന്നു നിക്ഷേപം.
ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന്റെ നിക്ഷേപമൂല്യം വളര്‍ന്നത് 34,489 കോടി രൂപയിലേക്കാണെന്ന് ഒരു ദേശീയ മാദ്ധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയിലെ നിക്ഷേപ പങ്കാളിത്തം ഉയര്‍ത്തിയ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്, മറ്റൊരു അദാനിക്കമ്പനിയായ അംബുജ സിമന്റ്‌സിലും നിക്ഷേപം നടത്തി.
കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി പവറില്‍ 100 കോടി ഡോളറും (8,300 കോടി രൂപ) ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപിച്ചു.
ജി.ക്യു.ജിയുടെ കോണ്‍ഫിഡന്‍സ്, അദാനിയുടേയും
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ കനത്ത തിരിച്ചടിയായിരുന്നെങ്കിലും മെല്ലെ അദാനി ഗ്രൂപ്പ് കരകയറുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. ആരോപണത്തിന്മേല്‍ സെബി നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും മറ്റ് ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറേണ്ടതില്ലെന്നും ഹിന്‍ഡെന്‍ബെര്‍ഗ് അടക്കം തൊടുത്തുവിട്ട ആരോപണങ്ങള്‍ തെളിവായി കാണാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞത് ഒരേസമയം അദാനി ഗ്രൂപ്പിനും ജി.ക്യു.ജിക്കും ആത്മവിശ്വാസം പകരുന്നതായി. സുപ്രീം കോടതിയുടെ നിലപാട് അദാനി ഓഹരികളുടെ കരകയറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഓഹരികള്‍ മുന്നോട്ട്
ഇന്ന് ഒട്ടുമിക്ക അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലാണുള്ളത്. ഷപൂര്‍ജി പലോണ്‍ജി ഗ്രൂപ്പില്‍ നിന്ന് ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖം സ്വന്തമാക്കാനൊരുങ്ങുന്ന അദാനി പോര്‍ട്‌സിന്റെ ഓഹരി 2.27 ശതമാനം കയറി (Read Details).
അദാനി എനര്‍ജി സൊല്യൂഷന്‍സ് 3.87 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 2.59 ശതമാനം എന്നിങ്ങനെയും ഉയര്‍ന്ന് നേട്ടത്തില്‍ മുന്‍നിരയിലുണ്ട്. അദാനി പവര്‍ (-0.73%), അദാനി വില്‍മര്‍ (-0.58%) എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.