അദാനി 2023ല്‍ വിറ്റത് 23,000 കോടിയുടെ ഓഹരികള്‍; വാങ്ങിയത് 32,000 കോടിയുടേതും

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഓഹരി പങ്കാളിത്തം ഉയര്‍ന്നു

Update:2024-01-31 10:12 IST

Image : adani.com

സ്വന്തം ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞും വാങ്ങിക്കൂട്ടിയും ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഗൗതം അദാനിയും ഗ്രൂപ്പിലെ സ്ഥാപനങ്ങളും ചേര്‍ന്ന് 2023ല്‍ 285 കോടി ഡോളറിന്റെ (23,551 കോടി രൂപ) ഓഹരികളാണ് വിറ്റഴിച്ചത്.

ഗ്രൂപ്പിന് കീഴിലെ 10 ലിസ്റ്റഡ് കമ്പനികളില്‍ 5 എണ്ണത്തിലെ ഓഹരികളാണ് വിറ്റത്. അതേസമയം, ഇവര്‍ കഴിഞ്ഞ വര്‍ഷം 394 കോടി ഡോളറിന്റെ (32,480 കോടി രൂപ) ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്ന കൗതുകവുമുണ്ട്.

വിറ്റഴിച്ചതിനേക്കാള്‍ കൂടുതലാണ് വാങ്ങിയ ഓഹരികളുടെ മൂല്യമെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയാണ് ഈ കമ്പനികള്‍.

ജനുവരിയില്‍ യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വിലയെ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രമോട്ടര്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനി നിര്‍ബന്ധിതരായി എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വിറ്റഴിച്ചതിനേക്കാള്‍ കൂടുതലാണ് വാങ്ങിയ ഓഹരികളുടെ മൂല്യമാണെന്നത് ഇത് വെറും അഭ്യൂഹം മാത്രമാണെന്ന് തെളിയിച്ചു.

ഉടമസ്ഥാവകാശം കുറഞ്ഞു

പ്രമോട്ടര്‍മാര്‍മാര്‍ക്ക് ഈ അഞ്ച് കമ്പനികളില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നീ നാല് കമ്പനികളിലെ ഉടമസ്ഥാവകാശം 2022നെ അപേക്ഷിച്ച് 2023ല്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഓഹരികള്‍ വിറ്റഴിച്ച സമയത്തേക്കാള്‍ 30-40 ശതമാനം ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന രണ്ടാം പകുതിയില്‍ അവര്‍ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയതിനാലാണ് ഇത് സംഭവിച്ചത്.

അതേസമയം അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഓഹരി പങ്കാളിത്തം ഉയരുകയും അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, എ.സി.സി, അംബുജ സിമന്റ്, എന്‍ഡിടിവി എന്നിവയില്‍ അവരുടെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

Tags:    

Similar News