ആദിത്യ ബിര്‍ല ഗ്രൂപ്പില്‍നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത ആഴ്ചയോടെ
ഐപിഒയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
ആദിത്യ ബിര്‍ല ഗ്രൂപ്പില്‍നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. ആദിത്യ ബിര്‍ല സണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റാണ് ഐപിഒയ്‌ക്കൊരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ പ്രാരംഭ ഓഹരി വില്‍പ്പന നടക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഐപിഒയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ആദിത്യ ബിര്‍ല സണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. ഓഗസ്‌റ്റോട് ഇത് അംഗീകരിക്കുകയും ചെയ്തു. രേഖകളിലുള്ള വിവരമനുസരിച്ച്, കനേഡിയന്‍ സ്ഥാപനമായ സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ അവരുടെ കയ്യിലുള്ള 12.56 ശതമാനം ഓഹരികള്‍ ഐപിഒയില്‍ വില്‍ക്കും. ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമേ വില്‍ക്കുകയുള്ളൂ.
നിലവില്‍ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റേതും ബാക്കി 49 ശതമാനം സണ്‍ ലൈഫിന്റേതുമാണ്. ഐപിഒ നടന്നുകഴിഞ്ഞാല്‍ ഫണ്ട് ഹൗസിലെ മൊത്തം പ്രൊമോട്ടര്‍ ഓഹരികള്‍ 100 ശതമാനത്തില്‍ നിന്ന് 86.5 ശതമാനമായി കുറയും.
2021 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, മൂന്ന് ട്രില്യണ്‍ രൂപയിലധികം ആസ്തികളുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര അഫിലിയേറ്റഡ് ഫണ്ട് ഹൗസാണ് ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫണ്ട് ഹൗസ് നികുതിക്ക് ശേഷം 155 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍കാലയളവിനേക്കാള്‍ 59 ശതമാനത്തിന്റെ വളര്‍ച്ച.