ഈഥര്‍ ഐപിഒ നാളെ തുറക്കും, അപേക്ഷിക്കും മുമ്പ് അറിയേണ്ടതെല്ലാം

610-642 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്

Update: 2022-05-23 07:15 GMT

സ്പെഷ്യാലിറ്റി കെമിക്കല്‍സ് നിര്‍മാതാക്കളായ ഈഥറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നാളെ തുറക്കും. ഒരു ഓഹരിക്ക് 610-642 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 627 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 181.04 കോടി രൂപയുടെ 28.2 ലക്ഷം വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഉള്‍പ്പെടുന്നത്.

മെയ് 26ന് അവസാനിക്കുന്ന ഐപിഒയില്‍ നിക്ഷേപകര്‍ക്ക് 23 ഇക്വിറ്റി ഷെയറുകള്‍ക്കായും അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഗുജറാത്തിലെ സൂററ്റില്‍ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പ്രോജക്റ്റിന് വേണ്ടിയുള്ള മൂലധന ചെലവ് ആവശ്യങ്ങള്‍ക്കും കടം വീട്ടുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. സൂറത്തില്‍ ഈഥര്‍ ഇന്‍ഡസ്ട്രീസിന് രണ്ട് നിര്‍മാണ സൈറ്റുകളുണ്ട്. അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ 25-ലധികം ഉല്‍പ്പന്നങ്ങളാണുള്ളത്. 18 രാജ്യങ്ങളിലെ 34-ലധികം ആഗോള കമ്പനികളായും 154-ലധികം ആഭ്യന്തര കമ്പനികളുമായുമാണ് ഈ കമ്പനി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസങ്ങളില്‍ കമ്പനി 82.9 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവിലെ മൊത്തം വരുമാനം 449.31 കോടി രൂപയാണ്. കമ്പനി ഇക്വിറ്റി ഷെയറുകളുടെ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ നിക്ഷേപകര്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കായും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്കും കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനിയുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News