ആര്‍ക്കിയന്‍ കെമിക്കല്‍ ഐപിഒ; പ്രൈസ് ബാന്‍ഡും മറ്റ് വിശദാംശങ്ങളും

പതിമൂന്നോളം രാജ്യങ്ങളിലേക്ക് ആര്‍ക്കിയന്‍ കെമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്

Update: 2022-11-04 11:24 GMT

സ്പെഷ്യാലിറ്റി കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് (Archean Chemical Industries) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. നവംബര്‍ 9 മുതല്‍ 11 വരെയാണ് ഐപിഒ. പുതിയ ഓഹരികളിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 1,462.31 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 657.31 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്.

386-407 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന ഒരു ലോട്ടില്‍ 36 ഓഹരികളാണ് ഉള്ളത്. റീ്‌ട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 13 ലോട്ടുകള്‍ക്ക് വരെ അപേക്ഷിക്കാം. നവംബര്‍ 21ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ആര്‍ക്കിയന്‍ കെമിക്കലിന്റെ പദ്ധതി. രാജ്യത്തെ മുന്‍നിര സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍സ് നിര്‍മാതാക്കളാണ് ആര്‍ക്കിയന്‍ കെമിക്കല്‍.

ബ്രോമിന്‍, വ്യാവസായിക ഉപ്പ്, പൊട്ടാഷ് എന്നിവയാണ് ഇവര്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ ഹാജിപീറിലാണ് ആര്‍ക്കിയന്‍ കെമിക്കല്‍സിന്റെ നിര്‍മാണ യൂണീറ്റ്. ഫാര്‍മ, അഗ്രോകെമിക്കല്‍, വാട്ടര്‍ ട്രീറ്റ്മെന്റ് തുടങ്ങി എനര്‍ജി സ്റ്റോറേജ് വിഭാഗത്തില്‍ വരെ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ബ്രോമിന്‍. നിലവില്‍ പതിമൂന്നോളം രാജ്യങ്ങളിലേക്ക് ആര്‍ക്കിയന്‍ കെമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

Tags:    

Similar News