ഓഹരി വിപണിയിലെ കുതിപ്പില്‍ ആശങ്ക വേണോ? ചീഫ് ജസ്റ്റിസിനുമുണ്ട് പറയാന്‍

വിപണി അതിസമ്മര്‍ദ ചൂടില്‍; ഇനിയും മേല്‍പോട്ടു കയറുമോ?

Update:2024-07-04 16:10 IST
സെന്‍സെക്‌സ് 80,000 പോയന്റും കടന്നു നില്‍ക്കുമ്പോള്‍ നിക്ഷപകരില്‍ മാത്രമല്ല, കാണികളിലും ഉത്കണ്ഠ പടരുന്നുണ്ട്: ഓഹരി വിപണി അതിസമ്മര്‍ദ്ദത്തിന്റെ ചൂടിലാണോ? മേല്‍പോട്ടുള്ള കയറ്റത്തിന് പാകത്തിലാണോ അടിസ്ഥാന ഘടകങ്ങള്‍? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഹരി വിപണി നിയന്ത്രകരായ സെബിക്ക് ജാഗ്രതയുടെ സന്ദേശം നല്‍കിയിരിക്കുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്നത് ഇങ്ങനെ: ''നിയന്ത്രണത്തിന് ഉത്തരവാദപ്പെട്ട അധികൃതര്‍ സന്തുലിതാവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. ഓഹരി വിപണി പിന്നെയും പിന്നെയും മേല്‍പോട്ടു കയറുമ്പോള്‍ ജാഗ്രത പാലിക്കേണ്ട സെബിയും മറ്റും ജാഗ്രത പാലിക്കുമെന്നാണ് കരുതുന്നത്. മുന്നേറ്റം ആഘോഷിക്കുക തന്നെ വേണം. എന്നാല്‍ അതിനൊപ്പം നട്ടെല്ലിന് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുക കൂടി വേണം. ഉറച്ച, പ്രവചനാത്മകമായ നിക്ഷേപ സാഹചര്യം ഉറപ്പു വരുത്തുന്നതില്‍ സെബിക്കും സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിനും വലിയ പ്രാധാന്യമുണ്ട്. ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നു കൂടി ഉറപ്പു വരുത്തണം. നിക്ഷേപ ഒഴുക്ക് മെച്ചപ്പെട്ട സാമ്പത്തിക ഫലപ്രാപ്തി കൈവരിക്കുന്നതിന് പ്രയോജനപ്പെടണം. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്തമായ സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കണം'' -മുംബൈയില്‍ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിപണി അതിസമ്മര്‍ദ്ദം നേരിടുകയാണോ?

പലിശ നിരക്ക്, പണപ്പെരുപ്പം തുടങ്ങിയ ഉത്കണ്ഠകള്‍ നിലനില്‍ക്കേ തന്നെയാണ് ഓഹരി വിപണി തെരഞ്ഞെടുപ്പിനു ശേഷം റെക്കോര്‍ഡിട്ടു കുതിക്കുന്നത്. വിപണി അതിസമ്മര്‍ദം നേരിടുകയാണോ എന്നതിനൊപ്പം, വലിയൊരു തിരുത്തല്‍ വരാന്‍ പോകുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗുണവശങ്ങള്‍ മിക്കവാറും വിപണി പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കേ, നേട്ടം നിലനിര്‍ത്താന്‍ പാകത്തില്‍ പുതിയ കുതിപ്പുകള്‍ക്ക് സാധ്യത കുറഞ്ഞു നില്‍ക്കുന്നുവെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ മൂല്യത്തില്‍ ഉത്കണ്ഠ വളരുകയുമാണ്. 2026 ആകുമ്പോള്‍ സെന്‍സെക്‌സ് സൂചിക 1,00,000ല്‍ എത്തുമെന്ന് പ്രവചിക്കുന്നവരും ഏറെ.


സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോഴത്തേത്. ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സിന് ഉണ്ടായ നേട്ടം 11 ശതമാനമാണ്. നിഫ്റ്റി 50യാകട്ടെ, 12 ശതമാനം ഉയര്‍ന്നു. നിഫ്റ്റി-50യില്‍ ഉണ്ടായ 400-500 പോയന്റ് മുന്നേറ്റം ആരോഗ്യകരമെന്നാണ് പൊതുവെ വിലയിരുത്തല്‍. ശക്തമായ അടിത്തറയുള്ള ഉയര്‍ന്ന ക്വാളിറ്റി ലാര്‍ജ് കാപ് ഓഹരികളില്‍് മികച്ച നേട്ടമാണ് ഉണ്ടായത്.പ്രധാന മൂല്യസൂചകമായ പി.ഇ അനുപാതം നിഫ്ടി 50യുടെ കാര്യത്തില്‍ 24നു മുകളിലാണെന്ന് ബ്ലൂംബര്‍ഗ് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തെ ഫോര്‍വേര്‍ഡ് പി.ഇ 19 ആണ്. പ്രൈസ് ടു ബുക് അനുപാതം 4ല്‍ എത്തി നില്‍ക്കുന്നു.

വലിയ തിരുത്തല്‍ വരുമോ എന്ന ചോദ്യത്തിന് പല വിദഗ്ധരും നല്‍കുന്ന മറുപടി ഇതാണ്: ലാര്‍ജ് കാപ് ഓഹരികളില്‍ പലതും നിലവിലെ നിരക്കിനേക്കാള്‍ ഉയരാണ് സാധ്യത. ബെഞ്ച് മാര്‍ക്ക് സൂചികയിലും ആഴത്തിലുള്ള തിരുത്തലിന് സാധ്യതയില്ല. പ്രമുഖ ബാങ്കിംഗ് സ്‌റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് ബെഞ്ച് മാര്‍ക്കിന്റെ സപ്പോര്‍ട്ടുണ്ട്. അമിത വിലയിലേക്ക് കയറിയതായി പറയുന്ന വിപണിയില്‍, വലിയ ബാങ്കിങ് ഓഹരികളുടെ മൂല്യം ന്യായയുക്തമായ നിലയിലാണെന്നും അവര്‍ വിശദീകരിക്കുന്നു.
Tags:    

Similar News