നടപ്പുവര്‍ഷം ജൂണ്‍പാദത്തില്‍ ലാഭം 19.85 കോടി രൂപയായിരുന്നു. ഇതും കഴിഞ്ഞവര്‍ഷത്തെ ജൂണ്‍പാദത്തെ അപേക്ഷിച്ച് 75 ശതമാനം കുറവായിരുന്നു. അതേസമയം, കഴിഞ്ഞപാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17.3 ശതമാനം ഉയര്‍ന്ന് 3,325.22 കോടി രൂപയിലെത്തി. 2022-23ലെ സെപ്റ്റംബറില്‍പാദ വരുമാനം 2,834.72 കോടി രൂപയായിരുന്നു.
പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) വാര്‍ഷികാടിസ്ഥാനത്തില്‍ 324 കോടി രൂപയില്‍ നിന്ന് 21 ശതമാനം ഉയര്‍ന്ന് 393 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍ 399 രൂപയില്‍ നിന്ന് രണ്ട് ശതമാനം താഴ്ന്നു.
സംയോജിത വരുമാനം 18 ശതമാനവും എബിറ്റ്ഡ 21 ശതമാനവും ഉയര്‍ന്നത് പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തിയതിന്റെയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്ന പദ്ധതികളുടെയും ഫലമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
പുതിയ ചുവടുകള്‍
സെപ്റ്റംബര്‍ 30ന് സമാപിച്ച നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) കൊല്ലം ശാസ്താംകോട്ടയിലെ പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ (PMF) 130 കിടക്കകളോട് കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിയന്ത്രണവും മേല്‍നോട്ടവും ആസ്റ്റര്‍ ഏറ്റെടുത്തിരുന്നു.
മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (MIMS/മിംസ്) 2.82 അധിക ഓഹരിപങ്കാളിത്തം ആസ്റ്റര്‍ നേടി. ഇതോടെ മിംസില്‍ മൊത്തം ഓഹരി പങ്കാളിത്തം 76.01 ശതമാനത്തില്‍ നിന്ന് 78.83 ശതമാനമായെന്ന് ഓഹരി വിപണികള്‍ക്ക് സമര്‍പ്പിച്ച രണ്ടാംപാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ ആസ്റ്റര്‍ വ്യക്തമാക്കി.
ആസ്റ്ററിന്റെ പുത്തന്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അടുത്തിടെയാണ്.
ഓഹരിവില നഷ്ടത്തില്‍
ഇന്ന് പുലര്‍ച്ചെയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. നിലവില്‍ 1.47 ശതമാനം താഴ്ന്ന് 335.25 രൂപയിലാണ് ബി.എസ്.ഇയില്‍ ആസ്റ്ററിന്റെ ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.