അദാനി ഓഹരികള്‍ക്ക് അമിതവില: മൂല്യ നിര്‍ണയ വിദഗ്ധന്‍

അദാനി എന്റര്‍പ്രൈസസിന്റ യാഥാര്‍ത്ഥ വില 945 രൂപ മാത്രമാണെന്ന് അശ്വഥ് ദാമോദരന്‍

Update: 2023-02-06 09:23 GMT

Image : Gautam Adani (Dhanam File)

അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഡ് നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രമുഖ ഓഹരി മൂല്യ നിര്‍ണയ വിദഗ്ധന്‍ അശ്വഥ് ദാമോദരന്‍. അദാനി എന്റര്‍പ്രൈസസിന്റ യാഥാര്‍ത്ഥ വില 945 രൂപയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നിലവില്‍ 1570 രൂപയാണ് അദാനി എന്റര്‍പ്രൈസ് ഓഹരി വില. അതായത് ഇപ്പോഴും കമ്പനിയുടെ ഓഹരിവില 30 ശതമാനത്തിലധികം കൂടുതലാണെന്ന് അശ്വഥ് ചൂണ്ടിക്കാട്ടുന്നത്.

Read More: ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങള്‍, ആരോപണം തള്ളി അദാനി ഗ്രൂപ്പ്

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്‌റ്റേണ്‍ ബിസിനസ് സ്‌കൂള്‍ പ്രൊഫസറാണ് തമിഴ്‌നാട്ടില്‍ ജനിച്ച അശ്വഥ് ദാമോദരന്‍. വിപണി വിചിന്തനം (Musing on Markets) എന്ന തലക്കെട്ടില്‍ ബ്ലോഗിലെഴുതിയ ലേഖനത്തില്‍ അദാനി ഗ്രൂപ്പിനെ സംബന്ധിച്ച കണക്കുകള്‍ അശ്വന്ത് നിരത്തുന്നുണ്ട്. കമ്പനിയുടെ ലാഭം കുറയുന്നത്, നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമെടുക്കാനുള്ള കാലതാമസം തുടങ്ങിയവയാണ് ഓഹരികള്‍ അമിത വിലയിലാണെന്ന നിഗമനത്തില്‍ എത്താന്‍ കാരണം. അടുത്ത 5 വര്‍ഷം അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം 30 ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍. ശേഷം വളര്‍ച്ച 5.59 ശതമാനമായി കുറയും.

അദാനി കമ്പനികളുടെ ഓഹരി വില യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നതാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഈ ആരോപണം പുറത്ത് വന്നതിന് ശേഷം 10,000 കോടിയിലധികം ഇടിവാണ് അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായത്.

ഇപ്പോള്‍ അദാനി കമ്പനികളില്‍ നിക്ഷേപിക്കില്ല

അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞാലും ഇപ്പോള്‍ താന്‍ നിക്ഷേപം നടത്തില്ലെന്നാണ് ബ്ലോഗില്‍ അശ്വഥ് പറയുന്നത്. കാരണം ഫാമിലി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപിക്കാറില്ല. ഫാമിലി ഗ്രൂപ്പുകളില്‍ സുതാര്യത കുറവാണ്. ആസ്തികള്‍ കമ്പനികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാം. അവ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കെട്ടിപ്പടുത്തവ ആണെങ്കില്‍ അപകട സാധ്യത വര്‍ധിക്കും. വിപണിയില്‍ ആ കമ്പനി അനുഭവിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാവാന്‍ ഒരു തെരഞ്ഞെടുപ്പ് മതിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം അനുയോജ്യമായ സമയത്ത് ഇത്തരം കമ്പനികളില്‍ നിക്ഷേപം നടത്തിയേക്കാമെന്നും അശ്വഥ് വ്യക്തമാക്കി. 


അദാനി കമ്പനികളുടെ ഓഹരികളില്‍ 73 ശതമാനവും അദാനി കുടുംബത്തിന്റെ കൈകളിലാണ്. വലിയൊരു ശതമാനവും വിദേശ നിക്ഷേപങ്ങളാണ്. റീട്ടെയില്‍ നിക്ഷേപകരുടെ സാന്നിധ്യം വളരെ കുറവാണ്. കമ്പനികളുടെ ഓഹരി വില ഉയര്‍ന്നപ്പോള്‍ അത് അനുപാതക്കണക്കില്‍ കടബാധ്യത (debt to market capital ratio) കുറച്ചു. വിപണി ഉയര്‍ന്ന് നിന്നപ്പോഴാണ് അദാനി ഓഹരികളുടെ മൂല്യവും വര്‍ധിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അതിശയോക്തി നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.


ഒരു കമ്പനിയുടെ വിപണി മൂല്യം ഉയര്‍ത്താന്‍ മനപ്പൂര്‍വം ശ്രമിക്കുമ്പോള്‍ ധാരാളം ഓഹരി ഇടപാടുകള്‍ കാണേണ്ടതാണ്, ഇവിടെ അതില്ല. വരുമാനത്തിലെ തിരുമറികളെ സംബന്ധിച്ച ആരോപണങ്ങളാണ് പ്രധാനപ്പെട്ടത്. ഒരു ഫാമിലി ബിസിനസ് ഗ്രൂപ്പ് രാജ്യത്തെ സാഹചര്യങ്ങള്‍ എങ്ങനെ ചൂഷണം ചെയ്തു എന്നത് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും അശ്വഥ് പറയുന്നു.

Tags:    

Similar News