ബാലാജി അമൈന്‍സിന്റെ ഉപകമ്പനിയും ഓഹരി വിപണിയിലേക്ക്
കെമിക്കല്‍ കമ്പനി ഇതിന്റെ ഭാഗമായി രേഖകള്‍ സമര്‍പ്പിച്ചു
ബാലാജി അമൈന്‍സിന്റെ (Balaji Amines) അനുബന്ധ സ്ഥാപനമായ ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സും (Balaji Speciality Chemicals) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ (SEBI) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്തു.
250 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 2.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്. അതേസമയം നിര്‍ദ്ദിഷ്ട ഐപിഒയില്‍ (IPO) ബാലാജി അമൈന്‍സ് (Balaji amines IPO ) പങ്കെടുക്കില്ല. കരട് പത്രിക ഓഗസ്റ്റ് 10 ന് സമര്‍പ്പിച്ചതായി കമ്പനി അറിയിച്ചു. ജൂണില്‍ ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഐപിഒ നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു.
മോണോഇഥനോള്‍ അമൈന്‍ പ്രക്രിയ ഉപയോഗിച്ച് എഥിലീന്‍ ഡയമിന്‍, പൈപ്പ്‌റാസൈന്‍ അന്‍ഹൈഡ്രസ്, ഡൈതിലെനെട്രിയാമൈന്‍, അമിനോഎഥൈല്‍ എത്തനോലമൈന്‍, അമിനോഎഥൈല്‍ പൈപറേസിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്. ഈ രാസവസ്തുക്കള്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ വ്യവസായങ്ങളിലാണ് ഉപയോഗിക്കുന്നത്.