''ഓഹരി വിപണിയെ സൂക്ഷിക്കുക, നിക്ഷേപകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്''

Update: 2020-05-05 02:30 GMT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ ചാഞ്ചാട്ടം പ്രകടമായിരിക്കുമെന്ന് അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിദഗ്ധനുമായ എന്‍. ഭുവനേന്ദ്രന്‍. ഈ ഘട്ടത്തില്‍ നിക്ഷേപകര്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കിയില്ലെങ്കില്‍ കടുത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങള്‍ ലാഭമെടുത്ത് മാറിയില്ലേ, എങ്കില്‍ സ്മാര്‍ട്ടായി ലാഭമെടുത്ത് മാറൂ

കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. 30 ശതമാനത്തോളം ഓഹരി വിലകള്‍ ഉയര്‍ന്നു.

ഇനി വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളും നിക്ഷേപകര്‍ സ്വീകരിക്കേണ്ട കാര്യങ്ങളും എന്‍. ഭുവനേന്ദ്രന്‍ വിശദീകരിക്കുന്നത് ഇങ്ങനെ.

a. കോവിഡ് ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആഗോള വിപണികളും അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ വിപണികളും തകര്‍ന്നടിഞ്ഞു. ഇതോടെ പല നല്ല ഓഹരികളും കുറഞ്ഞ മൂല്യത്തില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടായി. ഈ അല്‍പ്പമൂല്യം കാരണം റീറ്റെയ്ല്‍ നിക്ഷേപകരും നിക്ഷേപക സ്ഥാപനങ്ങളും വാങ്ങലുകാരനായി. എന്റെ അറിവില്‍ തന്നെ ഇക്കാലയളവില്‍ ഏറെ റീറ്റെയ്ല്‍ നിക്ഷേപകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

അതായത് കഴിഞ്ഞ ഒരുമാസമായി വിപണിയില്‍ കണ്ടത് ലിക്വിഡിറ്റി പ്രേരിതമായ മുന്നേറ്റമാണ്. എപ്പോഴും വിപണി കുത്തനെ ഇടിഞ്ഞു കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ആശ്വാസ റാലികള്‍ കാണും.

b. റീറ്റെയ്ല്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ പഠിക്കണമന്ന കാര്യം തന്നെയാണ് ഇനിയും എനിക്ക് പറയാനുള്ളത്. ഇന്ത്യന്‍ ഓഹരി വിപണി, മുന്‍പ് കണ്ടതുപോലെ കുതിച്ചുകയറി ഇനിയും ഉയര്‍ന്ന തലം സമീപകാലത്ത് തൊടുമെന്ന് നിക്ഷേപകര്‍ കരുതരുത്. ഇപ്പോള്‍ കണ്ടത് ആശ്വാസ റാലിയാണ്. കുറഞ്ഞ തലത്തില്‍ നിക്ഷേപം നടത്തിയവര്‍ എത്രയും വേഗം ലാഭമെടുത്ത് മാറുക.

c. ഇപ്പോള്‍ ലാഭമെടുത്തില്ലെങ്കില്‍ എന്തു സംഭവിക്കും? നിക്ഷേപകരുടെ ഉള്ളിലുണ്ടാകും ഈ ചോദ്യം. ഫലപ്രദമായ പ്രതിരോധ വാക്‌സിനോ മരുന്നോ കണ്ടെത്താത്ത പകര്‍ച്ച വ്യാധിയുടെ പിടിയിലാണ് ലോകം. ഇതുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം എത്രയെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പോലുമാകില്ല. അതുകൊണ്ട് വിപണികള്‍ ഇനി വരും നാളുകള്‍ അങ്ങേയറ്റം അസ്ഥിരമാകാന്‍ തന്നെയാണ് സാധ്യത.

d. നിലവില്‍ പുറത്തുവന്ന റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ടെക് മഹീന്ദ്ര ഫലങ്ങള്‍ തന്നെ നോക്കൂ. കോവിഡ് ബാധ വ്യാപിക്കും മുമ്പേയുള്ള സാമ്പത്തിക പാദത്തിലെ ഫലങ്ങള്‍ മോശമാണെങ്കില്‍ ലോകം മുഴുവന്‍ അടഞ്ഞുകിടക്കുന്ന, കോടിക്കണക്കിനാളുകളുടെ തൊഴിലും വേതനവും നഷ്ടമായ മാസങ്ങളിലെ കമ്പനി ഫലങ്ങളുടെ സ്ഥിതി എത്രമാത്രം ദയനീയമായിരിക്കും.

വരാനിരിക്കുന്ന മോശം ഫലങ്ങള്‍ തന്നെയാണ് ഓഹരി വിപണിയെ അസ്ഥിരമാക്കുന്ന മറ്റൊരു ഘടകം. അതുകൊണ്ട് കുറഞ്ഞ മൂല്യത്തില്‍ ഓഹരികള്‍ വാങ്ങി ഇപ്പോള്‍ നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ ആ നേട്ടമെടുത്ത് പിന്‍മാറാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം.

e. ഇനി പണം നഷ്ടപ്പെട്ടാല്‍ അതിവേഗം തിരിച്ചുപിടിക്കാന്‍ സാധിച്ചെന്നിരിക്കില്ല. ഇന്ന് പലര്‍ക്കും മതിയായ സമ്പാദ്യമില്ല. ക്രെഡിറ്റ് കാര്‍ഡും വായ്പകളുമാണ് പലരുടെയും ബാലന്‍സ് ഷീറ്റിലുള്ളത്. കൈയിലുള്ള അവശേഷിക്കുന്ന പണം കൂടി ഓഹരി വിപണിയില്‍ ആലോചനയില്ലാതെ നിക്ഷേപിച്ചാല്‍ വലിയ തിരിച്ചടി ലഭിക്കും.

ഇനി അടുത്ത കയറ്റത്തില്‍ കാശുണ്ടാക്കാമെന്നൊക്കെയുള്ള ചിന്തകളൊന്നും ഇപ്പോള്‍ സാധാരണക്കാരായ നിക്ഷേപകര്‍ വെച്ചുപുലര്‍ത്തരുത്. കൈയില്‍ പണം സൂക്ഷിക്കുക.

ഇനിയും വിപണി ഇടിയും. അപ്പോള്‍ അല്‍പ്പമൂല്യത്തില്‍ വരുന്ന നല്ല കമ്പനികള്‍ തെരഞ്ഞു പിടിച്ച് നിക്ഷേപിക്കാന്‍ മിടുക്കുണ്ടെങ്കില്‍ നിക്ഷേപിക്കുക. പിന്നീടുള്ള ആശ്വാസ റാലിയില്‍ നേട്ടമെടുത്ത് പിന്‍വാങ്ങുക.

ഇനി സ്മാര്‍ട്ട നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകുന്ന കാലമാണ്. ഓരോ കമ്പനിയെയും സശ്രദ്ധം നോക്കണം. മാത്രമല്ല വാര്‍ത്തകളും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, സര്‍ക്കാര്‍ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ ഫലം ഏത് മേഖലയ്ക്കാണെന്ന് നോക്കി, ആ രംഗത്തെ മികച്ച കമ്പനികളില്‍ നിക്ഷേപിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News