എയര്‍ടെല്ലിന്റെ 'അവകാശ ഓഹരി വില്‍പ്പന' എങ്ങനെ ? എന്തിന്?

ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് ഭാരതി എയര്‍ടെല്ലിന്റെ തീരുമാനം.

Update:2021-08-30 17:33 IST

ഓഹരിവിപണിയില്‍ നിന്ന് 21.000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ടെല്‍ അവകാശ ഓഹരി വില്‍പ്പന നടത്താനൊരുങ്ങുകയാണ്. വില്‍പ്പനയ്ക്കായി ബോര്‍ഡ് അംഗീകാരം നല്‍കിയ വാര്‍ത്ത പുറത്തുവന്നുകഴിഞ്ഞു. ആര്‍ക്കാണ് ഈ ഓഹരിവില്‍പ്പനയില്‍ പങ്കാളികളാകാനാകുക? അറിയാം.

പുതുതായി എയര്‍ടെല്‍ ഓഹരി വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഈ ഇഷ്യുവിലൂടെ വാങ്ങാനാകില്ലെങ്കിലും നിലവില്‍ ഭാരതി എയര്‍ടെല്ലിന്റെ 14 ഓഹരികളെങ്കിലും കൈവശം വച്ചിട്ടുള്ളവര്‍ക്ക് ഒരു ഓഹരി എന്ന നിലയില്‍ 1:14 എന്ന അനുപാതത്തിലാണ് ഓഹരികള്‍ വാങ്ങാനാകുക.
അപേക്ഷകന് ഓഹരിയുടെ 25 ശതമാനം തുകയാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്. ഉദാഹരണത്തിന് 1400 ഓഹരികള്‍ എയര്‍ടെല്ലിന്റേതായി കൈവശമുണ്ടെങ്കില്‍ 10 ഓഹരികളുടെ 25 ശതമാനം തുക നല്‍കി ഇപ്പോള്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാം.
ഓഹരി ഒന്നിന് 535 രൂപ നിരക്കിലാകും വില്‍പ്പന.
ബാക്കി തുക മൂന്നു വര്‍ഷത്തിനുള്ളില്‍ ഘട്ടങ്ങളായിട്ടായിരിക്കും കമ്പനി സ്വീകരിക്കുക. സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തലും മറ്റ് നിക്ഷേപകരും ഇത്തരത്തില്‍ ഓഹരികള്‍ വാങ്ങുന്നുണ്ടെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് 2019 -ല്‍ അവകാശ ഇഷ്യു വഴി കമ്പനി 25,000 കോടി രൂപ സമാഹരിച്ചിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് കമ്പനിയിലെ പ്രൊമോട്ടര്‍മാരുടെ കൈവശം 55.86ശതമാനം ഓഹരികളാണ് ഉള്ളത്.
സര്‍ക്കാരിനു എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശിക നല്‍കുന്നതടക്കം ബാധ്യതകള്‍ കുറയ്ക്കുകയാണു ധനസമാഹരണത്തിന്റെ ലക്ഷ്യം. എയര്‍ടെലിന് മൊത്തം കുടിശ്ശികയായിരുന്ന 43,980 കോടി രൂപയില്‍ 18,004 കോടി രൂപ അടച്ചു കഴിഞ്ഞു. 25,976 കോടി രൂപ കുടിശ്ശികയായിട്ടുള്ളതിന്റെ തിരിച്ചടവും ഈ ഓഹരി വില്‍പ്പനയിലൂടെ കമ്പനി ലക്ഷ്യമിടുന്നു.
എയര്‍ടെലില്‍ നിക്ഷേപത്തിനായി ഗൂഗിള്‍ ഒരുങ്ങുന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. കമ്പനി ഇതു സ്ഥിരീകരിച്ചിട്ടില്ല. റിലയന്‍സ് ജിയോയിലും ഗൂഗിള്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ജിയോയ്ക്ക് ശേഷം രണ്ടാമത്തെ വലിയ ടെലികോം ദാതാക്കളാണ് എയര്‍ടെല്‍. ജിയോയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 43.6 കോടിയായി ഉയര്‍ന്നു. ജൂണില്‍ മാത്രം 54.6 ലക്ഷം ഉപയോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്.


Tags:    

Similar News