വിപണി തിരുത്തലിൽ; ദീർഘകാല മുന്നേറ്റത്തിനു ഭീഷണിയില്ലെന്ന് വിദഗ്ധർ; പലിശ കുറയ്ക്കൽ വെെകും; ഡോളർ കുതിപ്പ് തുടരുന്നു

സ്വര്‍ണം ഇടിവ് തുടരുന്നു; ക്രിപ്‌റ്റോ വില മുന്നോട്ടു തന്നെ

Update:2024-11-14 07:22 IST

വിപണി തിരുത്തലിലേക്കു പ്രവേശിച്ചു. അത് എത്ര കാലം നിൽക്കുമെന്നോ കരടി വലയത്തിലേക്കു വിപണി വീഴുമോ എന്നതിൽ ആർക്കും നിശ്ചയമില്ല. ഇന്ത്യൻ സമ്പദ്ഘടനയും വിപണിയും മധ്യ- ദീർഘ കാലയളവുകളിൽ മുന്നേറ്റം തുടരും എന്നു മാത്രമാണ് എല്ലാവർക്കും പറയാനാവുന്നത്. കമ്പനികളുടെ വിൽപനയും ലാഭവും ഇടിയുന്ന ഇപ്പോഴത്തെ അവസ്ഥ അധികം നീണ്ടു നിൽക്കില്ല എന്നും പരക്കെ അഭിപ്രായമുണ്ട്. അതു കൊണ്ടു തന്നെ താഴ്ചയിൽ വാങ്ങാൻ ഉപദേശിക്കുന്നവർ ധാരാളം.

ചില്ലറ വിലക്കയറ്റം പരിധി ലംഘിച്ചതോടെ പലിശ കുറയ്ക്കൽ പ്രതീക്ഷ ഫെബ്രുവരിക്കു ശേഷം എന്ന നില വന്നു. അപ്പോഴേക്കു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിൻ്റെ രണ്ടാമത്തെ കാലാവധിയും കഴിയും. പുതിയ ഗവർണറാകും പിന്നീട്.

അമേരിക്കൻ വിലക്കയറ്റം പ്രതീക്ഷ പോലെ വന്നത് അവിടെ ഡിസംബറിൽ പലിശ കുറയ്ക്കും എന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ യുഎസ് വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായി. ഇന്ന് ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തിലാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,666 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,620 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. ഡൗവും എസ് ആൻഡ് പിയും നാമമാത്രമായി ഉയർന്നപ്പോൾ നാസ്ഡാക് കാൽ ശതമാനം താഴ്ചയിലായി.

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷ പോലെ വന്നു. പ്രതിവർഷ വളർച്ച 2.6 ശതമാനം. പ്രതിമാസ കയറ്റം 0.2 ശതമാനം. ഡിസംബറിൽ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സജീവമായി.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 47.21 പോയിൻ്റ് (0.11%) കയറി 43,958.19 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.39 പോയിൻ്റ് (0.02%) ഉയർന്ന് 5985.38 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 50.68 പോയിൻ്റ് (0.26%) താഴ്ചയോടെ 19,230.72 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റം കാണിക്കുന്നു. ഡൗ 0.09 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.473 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ബുധനാഴ്ച യൂറോപ്യൻ വിപണികൾ ചെറിയ ഇടിവിലായി. തുടർച്ചയായ രണ്ടാം ദിവസമാണു വിപണി താഴുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു കയറി. ജപ്പാനിലെ നിക്കെെ സൂചിക 0.75 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചികയും ഓസ്ട്രേലിയൻ വിപണിയും അര ശതമാനം കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിരുത്തലിലേക്കു കടന്നു. റെക്കോർഡ് നിലയിൽ നിന്നു 10 ശതമാനത്തിലധികം താഴ്ന്ന അവസ്ഥയാണു തിരുത്തൽ. 20 ശതമാനത്തിലധികം താഴ്ന്നാൽ ബെയർ (കരടി) ഘട്ടം ആകും. സെപ്റ്റംബർ 27 ലെ 26,277.4ൽ നിന്ന് 10.14 ശതമാനം താഴെയാണ് നിഫ്റ്റി 50 സൂചിക ഇന്നലെ ക്ലോസ് ചെയ്തത്. മിഡ് ക്യാപ് 100 സൂചിക 11.59 ഉം സ്മോൾ ക്യാപ് 100 സൂചിക 10.69 ഉം ശതമാനം താഴെയായി. സെൻസെക്സ് ഇന്നലത്തെ ഇടിവോടെ റെക്കോർഡിൽ നിന്ന് 9.49 ശതമാനം താഴ്ചയിലാണ്.

പ്രധാനപ്പെട്ട എല്ലാ മേഖലാ സൂചികകളും വലിയ വിപണിമൂല്യം ഉള്ള ഓഹരികളും തിരുത്തൽ ഘട്ടത്തിൽ പ്രവേശിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം സെപ്റ്റംബർ 27 ലെ 477.9 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നലെ 429.9ലക്ഷം കോടി രൂപയായി കുറഞ്ഞു. 48 ലക്ഷം കോടി (10 ശതമാനം) രൂപയുടെ നഷ്ടം.

വിദേശ നിക്ഷേപകരുടെ നിർത്തില്ലാത്ത വിൽപനയും കമ്പനികളുടെ നിരാശാജനകമായ രണ്ടാം പാദ പ്രകടനവും ആണു വിപണിയെ ഈ പതനത്തിലേക്കു നയിച്ചത്. ചില്ലറ വിലക്കയറ്റം വർധിച്ചത് പലിശ കുറയാനുള്ള സാധ്യത കൂടുതൽ അകലേക്കു മാറ്റുകയും ചെയ്തു.

നല്ല ഓഹരികൾ ആദായവിലയ്ക്കു വാങ്ങി വയ്ക്കാൻ പറ്റിയ അവസരമാണു മുന്നിൽ എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. വിപണി ബെയറിഷ് ഘട്ടത്തിലേക്കു കടക്കുകയില്ല എന്നാണ് അവരുടെ പ്രതീക്ഷ. കമ്പനികൾ നാലാം പാദത്തിൽ കൂടുതൽ ലാഭക്ഷമത കാണിക്കും എന്നാണ് അവർ കണക്കു കൂട്ടുന്നത്.

ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ ഇടിയുകയായിരുന്നു. ഉച്ചയ്ക്കു ശേഷം കടുത്ത വിൽപന സമ്മർദം ഉണ്ടായി. റിയൽറ്റി, ഓട്ടോ, ബാങ്ക്, ധനകാര്യ, മെറ്റൽ, ഓയിൽ -ഗ്യാസ്, ഹെൽത്ത് കെയർ, എഫ്എംസിജി, ഫാർമ, മീഡിയ, കൺസ്യൂമർ ഡ്യൂറബറിൾസ് മേഖലകളെല്ലാം ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മൂന്നു ശതമാനത്തോളം താഴ്ചയിലായി.

ബിഎസ്ഇയിൽ 599 ഓഹരികൾ ഉയർന്നപ്പോൾ 3384 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ 419 എണ്ണം ഉയർന്നു, 2419 എണ്ണം താഴ്ന്നു.

നിഫ്റ്റി 324.40 പോയിൻ്റ് (1.36%) ഇടിഞ്ഞ് 23,559.05 ൽ അവസാനിച്ചു. സെൻസെക്സ് 984.23 പോയിൻ്റ് (1.25%) നഷ്ടത്തോടെ 77,690.95 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 2.09 ശതമാനം (1069.45 പോയിൻ്റ്) ഇടിഞ്ഞ് 50,088. 35 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.64 ശതമാനം താഴ്ന്ന് 53,800.85 ലും സ്മോൾ ക്യാപ് സൂചിക 2.96 ശതമാനം ഇടിഞ്ഞ് 17,458.90 ലും ക്ലോസ് ചെയ്തു.

ഫെഡറൽ ബാങ്ക് ഓഹരി 3.15 ശതമാനം ഇടിഞ്ഞ് 200.75 രൂപയിൽ അവസാനിച്ചു. അഞ്ചു ദിവസം കൊണ്ട് 6.88 ശതമാനം താഴ്ന്ന സൗത്ത് ഇന്ത്യൻ ബാങ്ക് 22.75 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 3.58 ശതമാനം ഇടിവിൽ 305.90 രൂപയിലും ധനലക്ഷ്മി ബാങ്ക് 3.37 ശതമാനം ഇടിവിൽ 31.55 രൂപയിലും

ക്ലാേസ് ചെയ്തു. അഞ്ചു ദിവസം കൊണ്ട് ധനലക്ഷ്മി ബാങ്ക് 11 ശതമാനം ഇടിഞ്ഞു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി അഞ്ചു ശതമാനം താഴ്ന്ന് 578.15 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് 3.28 ശതമാനം താഴ്ന്ന് 1329 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു മാസം കൊണ്ട് ഓഹരി 18 ശതമാനം ഇടിഞ്ഞു.

മണപ്പുറം ഫിനാൻസിനെ വാങ്ങാൻ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി -നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റൽ ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു വിപണിയിൽ ചലനം ഉണ്ടാക്കിയില്ല. മണപ്പുറം പ്രൊമാേട്ടറും സിഇഒയുമായ വി.പി. നന്ദകുമാർ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. ഓഹരി 1.6 ശതമാനം ഉയർന്നു.

ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2502.58 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6145.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിയുടെ പിന്തുണ നില 23,540 ലേക്കു താഴ്ന്നു. 200 ദിന ഇഎംഎ (എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ്) ആണ് അത്. അവിടെ നിൽക്കാനായില്ലെങ്കിൽ 23,200 ലേക്കു വീഴാം. നിഫ്റ്റിക്ക് ഇന്ന് 23,505 ഉം 23,420 ഉം പിന്തുണ നൽകാം. 23,790 ഉം 23,875 ഉം തടസങ്ങളാകും.

സ്വർണം ഇടിവ് തുടരുന്നു

ട്രംപിൻ്റെ വിജയത്തെ തുടർന്നുള്ള സ്വർണ വിലയിടിവ് തുടരുകയാണ്. ഡോളറിൻ്റെ കയറ്റമാണു കാരണം. സ്വർണം ഇന്നലെ 0.98 ശതമാനം (ഔൺസിന് 25.50 ഡോളർ) താഴ്ന്ന് 2573.30 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2568 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില ബുധനാഴ്ച പവന് 320 രൂപ കുറഞ്ഞ് 56,360 രൂപയായി. ഇന്നും വില കുറയും.

വെള്ളി വില ഇന്നലെ താഴ്ന്ന് ഔൺസിന് 30.34 ഡോളറിൽ എത്തി.

കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറ്റത്തിലാണ്. ഡോളർ സൂചിക ചൊവ്വാഴ്ച 0.42 ശതമാനം കയറി 106.48 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.56 ലാണ്.

ഡോളർ കയറ്റത്തിനിടയിൽ പിടിച്ചു നിൽക്കാൻ രൂപ പ്രയാസപ്പെടുന്നു. ഇന്നലെയും ഡോളർ 84.41 രൂപ വരെ ഉയർന്നിട്ട് 84.38 രൂപയിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഡോളർ ഈ മാസം തന്നെ 84.50-84.60 രൂപ മേഖലയിലേക്കു കയറുമെന്നാണു നിഗമനം.

ക്രൂഡ് ഓയിൽ വില നാമമാത്രമായി വർധിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 72.03 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 72.15 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 68.25 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.62 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റാേ കറൻസികൾ ഇന്നലെയും കുതിച്ചു. ബിറ്റ് കോയിൻ 93,469.08 വരെ കയറി റെക്കോർഡ് കുറിച്ചിട്ട് 90,500 ലേക്കു താഴ്ന്നു. ഈഥർ 3338 ഡോളർ വരെ കയറിയിട്ട് 3200 നു താഴേക്കു പോന്നു.

പ്രധാന വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പ് 1.04 ശതമാനം താഴ്ന്ന് ടണ്ണിന് 8908.44 ഡോളറിൽ എത്തി. അലൂമിനിയം 1.27 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2530.50 ഡോളർ ആയി. ലെഡ് 0.27 ഉം സിങ്ക് 0.25 ഉം ശതമാനം ഉയർന്നു. നിക്കൽ 1.43 ഉം ടിൻ 1.47 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 നവംബർ 13, ബുധൻ)

സെൻസെക്സ് 30 77,690.95 -1.25%

നിഫ്റ്റി50 23,559.05 -1.36%

ബാങ്ക് നിഫ്റ്റി 50,088.35 -2.09%

മിഡ് ക്യാപ് 100 53,800.85 -2.64%

സ്മോൾ ക്യാപ് 100 17,458.90 -2.96%

ഡൗ ജോൺസ് 43,958.19 +0.11%

എസ് ആൻഡ് പി 5985.38 +0.02%

നാസ്ഡാക് 19,230.72 -0.26%

ഡോളർ($) ₹84.38 -₹0.01

ഡോളർ സൂചിക 106.48 +0.46

സ്വർണം (ഔൺസ്) $2573.30 -$25.50

സ്വർണം(പവൻ) ₹56,360 -₹320

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.03 +$00.27

Tags:    

Similar News