ശക്തമായ തിരിച്ചുവരവില്‍ ബിറ്റ്കോയിന്‍; വില 50,000 കടന്നത് ഇങ്ങനെ

പുതുവര്‍ഷത്തില്‍ മൊത്തത്തില്‍ ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നു വരികയാണ്

Update:2024-02-14 12:40 IST

2022ല്‍ മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍. രണ്ട് വര്‍ഷത്തിനിടെ ബിറ്റ്കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 13ന് ബിറ്റ്കോയിന്റെ വില ഉയര്‍ന്ന് 50,222.90 ഡോളറിലെത്തിയിരുന്നു. ബിറ്റ്കോയിന്‍ 2021 ഡിസംബറിലാണ് 50,000 ഡോളര്‍ എന്ന നിരക്കില്‍ അവസാനമായി വ്യാപാരം നടത്തിയത്.

2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്കോയിന്‍ എത്തിയത്. നിലവില്‍ 49,633.50 ഡോളറാണ് ബിറ്റ്കോയിന്റെ വില. നാമമാത്രമായ ഇടിവ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടെങ്കിലും പുതുവര്‍ഷത്തില്‍ മൊത്തത്തില്‍ ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നു വരികയാണ്.

വിലയുയര്‍ന്നത് ഇങ്ങനെ

സ്പോട്ട് ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇ.ടി.എഫ്) യു.എസ് റെഗുലേറ്ററി ജനുവരി 10ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നുള്ള പ്രതീക്ഷയാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്റെ വില ഉയരാന്‍ കാരണമായത്. അപകട സാധ്യതയുള്ള സംവിധാനത്തിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്‌റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫിനായി ക്രിപ്‌റ്റോ നിക്ഷേപകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഈ വര്‍ഷാവസാനം പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്‌കോയിന് അനുകൂലമായി. മൈക്രോസ്ട്രാറ്റജി, കോയിന്‍ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നിവയുള്‍പ്പെടെ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഫെബ്രുവരി 12ന് യഥാക്രമം 10 ശതമാനവും 4.8 ശതമാനവും 12 ശതമാനവും നേട്ടം കൈവരിച്ചു.


Tags:    

Similar News