ബലം വീണ്ടെടുത്ത് ബിറ്റ്‌കോയിന്‍; വില വീണ്ടും 45,000 ഡോളറിന് മുകളില്‍

മറ്റ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യവും ഉയർന്നു

Update: 2024-01-02 06:07 GMT

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ (Bitcoin) മൂല്യം 2022 ഏപ്രിലിന് ശേഷം വീണ്ടും 45,000 ഡോളര്‍ കടന്നു (ഏകദേശം 37.8 ലക്ഷം രൂപ). 45,386 ഡോളറാണ് ബിറ്റ്കോയിന്റെ നിലവിലെ മൂല്യം. 2022 ഏപ്രിലിലെ നിരക്കായ 45,317.67 ഡോളറില്‍ നിന്ന് 6.43 ശതമാനം വര്‍ധന. മറ്റ് ക്രിപ്റ്റോ കറന്‍സികളായ ഈഥര്‍ (ഇ.ടി.എച്ച്) 3.8 ശതമാനവും സോലാന (എസ്.ഒ.എല്‍) 7 ശതമാനവും കാര്‍ഡാനോ 5 ശതമാനവും ഉയര്‍ന്നു.

ബിറ്റ്‌കോയിനിലെ വര്‍ധന

സ്‌പോട്ട് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) ആരംഭിക്കുന്നതിന് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ബിറ്റ്‌കോയിന്‍ വില ഉയരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ജനുവരി 10നകം ഈ ഇ.ടി.എഫ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

സ്പോട്ട് ബിറ്റ്കോയിന്‍ ഇ.ടി.എഫുകള്‍ പുറത്തിറക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരം ആദ്യം അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫിനുള്ള അപേക്ഷകള്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ആവര്‍ത്തിച്ച് നിരസിച്ചിരുന്നു.



Tags:    

Similar News