റെക്കോഡുകള്‍ ഭേദിച്ച് ബിറ്റ്കോയിന്‍; വില 70,000 ഡോളര്‍ കടന്നു
ബിറ്റ്‌കോയിന്റെ സമീപകാല വളര്‍ച്ച മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള വിശ്വാസവും വര്‍ധിപ്പിച്ചു
2022ല്‍ മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍. ബിറ്റ്കോയിന്റെ വില ആദ്യമായി 70,000 കടന്ന് ഒരു ഘട്ടത്തില്‍ 70,170.00 ഡോളറായി ഉയര്‍ന്നു. യു.എസ് സ്റ്റോക്ക് മാര്‍ക്കറ്റ് തുറന്ന സമയത്താണ് ഉയര്‍ച്ച ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനിടെ ഫെബ്രുവരി 13നാണ് ബിറ്റ്‌കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചത്. 2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്‌കോയിന്‍ എത്തിയത്. നിലവില്‍ 68,435.50 ഡോളറാണ് ബിറ്റ്‌കോയിന്റെ വില.
പുതുവര്‍ഷത്തില്‍ ബിറ്റ്കോയിന്റെ വില ഉയര്‍ന്നു വരികയാണ്. 2024ല്‍ ഇതുവരെ ബിറ്റ്കോയിന് സ്റ്റോക്കുകള്‍, സ്വര്‍ണം തുടങ്ങിയ പരമ്പരാഗത ആസ്തികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാനായി. യു.എസ് സപോട്ട് ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണമായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോടിക്കണക്കിന് ഡോളര്‍ ഇ.ടി.എഫുകളിലേക്ക് ഒഴുകിയിരുന്നു.
എതെറിയം ബ്ലോക്ക്ചെയിന്‍ നെറ്റ്വര്‍ക്കിലേക്കുള്ള നവീകരണവും വളര്‍ച്ചയെ പിന്തുണച്ചു. ബിറ്റ്‌കോയിന്റെ സമീപകാല വളര്‍ച്ച മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള വിശ്വാസവും വര്‍ധിച്ചു. പ്രത്യേകിച്ച് ക്രിപ്‌റ്റോകറന്‍സിയായ ഈഥറിന്റെ കാര്യം. മൊത്തം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈഥര്‍. ഈഥര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 60 ശതമാനത്തിലധികം ഉയര്‍ന്നു.