2021ന് ശേഷം ആദ്യമായി 55,000 ഡോളറിന് മുകളിലെത്തി ബിറ്റ്കോയിന്‍ വില
ക്രിപ്‌റ്റോകറന്‍സിയായ ഈഥര്‍ 2022ന് ശേഷം ആദ്യമായി 3,275 ഡോളറിൽ
പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 57,036 ഡോളര്‍ രേഖപ്പെടുത്തി. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലൂടെ (ഇ.ടി.എഫ്) നിക്ഷേപകരില്‍ നിന്നും ഉണ്ടായ വന്‍ ഡിമാന്‍ഡും മൈക്രോസ്ട്രാറ്റജി എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനം ബിറ്റ്കോയിന്‍ വന്‍തോതില്‍ പര്‍ച്ചേസ് ചെയ്തതുമാണ് ഈ ഉയര്‍ച്ചയ്ക്ക് കാരണം.
മൈക്രോസ്ട്രാറ്റജി 155 മില്യണ്‍ ഡോളറിന് ഏകദേശം 3,000 ബിറ്റ്കോയിനുകളാണ് വാങ്ങിയത്. മൈക്രോ സ്ട്രാറ്റജി, കോയിന്‍ ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നീ കമ്പനികളാണ് ക്രിപ്റ്റോയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍. മറ്റൊരു ക്രിപ്‌റ്റോകറന്‍സിയായ ഈഥര്‍ 2022ന് ശേഷം ആദ്യമായി 3,275 ഡോളറെത്തി.
മുമ്പ് 2021 നവംബറിലാണു ബിറ്റ്കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയത്. അന്ന് 69,000 ഡോളറിലെത്തിയിരുന്നു. സമീപകാലത്ത് ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് യു.എസ് റെഗുലേറ്ററി അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിറ്റ്കോയിന്‍ വില ഉയരാന്‍ തുടങ്ങിയത്. യു.എസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടും ബിറ്റ്കോയിന്റെ മുന്നേറ്റത്തിനു കാരണമായി.