ബിറ്റ്കോയിന്‍ 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിംഗ് നിരക്കില്‍
ബ്ലാക്ക്‌റോക്ക് ബിറ്റ്കോയിന്‍-ലിങ്ക്ഡ് ഇ.ടി.എഫ് വില്‍ക്കാന്‍ യു.എസ് റെഗുലേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കിയതിനാലാണ് നിരക്ക് ഉയര്‍ന്നത്
ബിറ്റ്കോയിന്‍ ഇന്ന് (06 ജൂലൈ 2023) 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിംഗ് നിരക്കായ 31,500 ഡോളറിലെത്തി. 3.28 ശതമാനം വരെയാണ് ഇത് ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് 20,547.81 ഡോളറായിരുന്നു ട്രേഡിംഗ് നിരക്ക്. ബ്ലാക്ക്‌റോക്ക് ബിറ്റ്കോയിന്‍-ലിങ്ക്ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) വില്‍ക്കാന്‍ യു.എസ് റെഗുലേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കിയതിനാലാണ് ഇന്ന് നിരക്ക് ഉയര്‍ന്നത്. ക്രിപ്റ്റോ ട്രേഡിംഗ് എക്സ്ചേഞ്ചായ കോയിന്‍ മാര്‍ക്കറ്റ് ക്യാപ് (CoinMarketCap) അനുസരിച്ച് ബിറ്റ്കോയിന്റെ നിലവിലെ വിപണി മൂലധനം 2.2 ശതമാനം ഉയര്‍ന്ന് 610 ബില്ല്യണ്‍ ഡോളറിലെത്തി.
ബിറ്റ്കോയിന്‍-ലിങ്ക്ഡ് ഇ.ടി.എഫ്
ബ്ലാക്ക്‌റോക്ക്, ഇന്‍വെസ്‌കോ, ഫിഡിലിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ബിറ്റ്കോയിന്‍-ലിങ്ക്ഡ് ഇ.ടി.എഫ് വില്‍ക്കാന്‍ യു.എസ് റെഗുലേറ്റര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വഞ്ചന അല്ലെങ്കില്‍ കൃത്രിമത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം മുമ്പ് സമാനമായ അപേക്ഷകള്‍ കമ്മീഷന്‍ നിരസിച്ചിരുന്നെങ്കിലും ബ്ലാക്ക് റോക്കിന്റെ അപേക്ഷ പരിഗണിച്ചേക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ ക്രിപ്റ്റോകറന്‍സി-ലിങ്ക്ഡ് ഇ.ടി.എഫുകള്‍ വിപണിയില്‍ എത്തിയേക്കും. നിലവില്‍ ഓരേയൊരു ക്രിപ്റ്റോകറന്‍സി-ലിങ്ക്ഡ് ഇ.ടി.എഫ് മാത്രമാണ് റെഗുലേറ്റര്‍മാര്‍ അംഗീകരിച്ചിട്ടുള്ളത്.