ഫെഡറല്‍ ബാങ്ക് ഓഹരിക്ക് കുതിപ്പ് പ്രവചിച്ച് ബ്രോക്കറേജുകള്‍, ലക്ഷ്യവില ഉയര്‍ത്തി

ഇന്ന് ഓഹരി ഒരു ശതമാനത്തിലധികം നേട്ടത്തില്‍

Update:2024-06-11 12:35 IST

Image : Canva and Federal Bank

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ കുതിപ്പ് പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. വിദേശ ബ്രോക്കറേജായ നോമുറ ഫെഡറല്‍ ബാങ്ക് ഓഹരിക്ക് 'ബൈ' (വാങ്ങുക) റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ഓഹരിയുടെ ലക്ഷ്യ വില 195 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. 

ഹ്രസ്വകാല വായ്പാ വളര്‍ച്ച 18-20 ശതമാനത്തില്‍ നിലനിറുത്താന്‍ ബാങ്കിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാനമായ വളര്‍ച്ച നിക്ഷേപങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. അറ്റ പലിശ വരുമാനവും ഹ്രസ്വകാലത്തില്‍ ഉയര്‍ന്ന് തന്നെ തുടരുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ഇതെല്ലാം കണക്കിലെടുത്താണ് ഓഹരിക്ക് വാങ്ങല്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
കൊട്ടക് ലക്ഷ്യ വില കൂട്ടി
കോട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസും ജൂണ്‍ മാസത്തെ നിക്ഷേപത്തിനായി നിര്‍ദേശിച്ചിരിക്കുന്ന നാല് ഓഹരികളില്‍ ഒന്ന് ഫെഡറല്‍ ബാങ്കാണ്. 190 രൂപയാണ് ഓഹരിയ്ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. നേരത്തെ 185 രൂപയായിരുന്നു ലക്ഷ്യ വില നിശ്ചയിച്ചിരുന്നത്.
ജീവനക്കാരുടെ ചെലവിനായുള്ള നീക്കിയിരിപ്പ് ഉയര്‍ന്നത് ഫെഡറല്‍ ബാങ്കിന്റെ ലാഭത്തെ ബാധിച്ചിരുന്നു. ഉയര്‍ന്ന നേട്ടം നല്‍കുന്ന വായ്പാ ഉത്പന്നങ്ങളിലെ ഗണ്യമായ വര്‍ധനയ്ക്കിടയിലും ആസ്തി ഗുണമേന്മ തുടര്‍ച്ചയായി മെച്ചപ്പെടുത്താന്‍ ബാങ്കിന് സാധിക്കുന്നുണ്ട്. ബാങ്കിന്റെ അടുത്ത എം.ഡി ആന്‍ഡ് സി.ഇ.ഒയെ കണ്ടെത്തുന്നതില്‍ പുരോഗതി കൈവരിച്ചതായി ബാങ്ക് അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ മധ്യനിര ബാങ്കുകളില്‍ പരിഗണിക്കാവുന്ന ഓഹരിയാണ് ഫെഡറല്‍ ബാങ്ക് എന്നാണ് കോട്ടക് ഇക്വിറ്റീസിന്റെ വിലയിരുത്തല്‍.
പിൻഗാമി ഉടൻ 
സ്ഥാനമൊഴിയുന്ന എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ പിന്‍ഗാമിയ്ക്കായുള്ള സാധ്യത ലിസ്റ്റ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവന്‍-സമയ ഡയറക്ടറും ജോയിന്റ് മാനേജിംഗ്‌ ഡയറക്ടറുമായിരുന്ന കെ.വി.എസ് മണിയനാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22 വരെയാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി.

Also Read: ഫെഡറല്‍ ബാങ്കിന്റെ പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒ: കൊട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയന് സാധ്യതയേറി

ബി.എസ്.ഇയില്‍ ഇന്ന് 1.43 ശതമാനം ഉയര്‍ന്ന് 167.15 രൂപയിലാണ് ഫെഡറല്‍ ബാങ്ക് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 34 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 94 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് ഫെഡറല്‍ ബാങ്ക് ഓഹരി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 40,839 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം.

Tags:    

Similar News