ലോകത്തെ ഏറ്റവും 'വിലകൂടിയ' സ്റ്റോക്ക് എക്സ്ചേഞ്ചായി ബോംബെ ഓഹരി വിപണി
ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ഓഹരി വിപണിയാണ് ബി.എസ്.ഇ
ലോകത്തെ ഏറ്റവും 'വിലയേറിയ' സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി ഇന്ത്യയുടെ ബി.എസ്.ഇ (ബോംബെ ഓഹരി വിപണി/BSE). ഓഹരി വിപണിയില്‍ കമ്പനിയെന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പട്ടികയിലാണ് ഈ നേട്ടമെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ ബി.എസ്.ഇയുടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം (Return) 262 ശതമാനമാണ്. ഇതോടൊപ്പം ട്രാന്‍സാക്ഷന്‍ ഫീസുകളിലുണ്ടായ വര്‍ധനയും ബി.എസ്.ഇയുടെ പ്രൈസ്-ടു-ഏണിംഗ്സ് (P/E) അനുപാതം ഒരുവര്‍ഷത്തിനിടെ 48.31 മടങ്ങായി വര്‍ധിക്കാനിടയാക്കി. ഇതോടെയാണ് ഏറ്റവും 'എക്സ്പെന്‍സീവ് സ്റ്റോക്ക് എക്സ്ചേഞ്ചായി' ബി.എസ്.ഇ മാറിയത്.
കമ്മോഡിറ്റി വിപണിയായ എം.സി.എക്സിന്റെ (Multi Commodity Exchange/MCX) ഒരുവര്‍ഷ പി.ഇ റേഷ്യോ 44.17 മടങ്ങാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാപ്പനീസ് എക്സ്ചേഞ്ചിന്റേത് 27.84 മടങ്ങും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേത് (LSE) 22.87 മടങ്ങുമാണ്. അമേരിക്കയുടെ നാസ്ഡാക്കിന്റേത് 17.51 മടങ്ങാണ്.
കുതിപ്പിലേറിയ ബി.എസ്.ഇ
ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം ഇടപാടുകളുടെ ഫീസ് (transaction charges) ബി.എസ്.ഇ കൂട്ടിയിരുന്നു. എസ് ആന്‍ഡ് പി ബി.എസ്.ഇ ഓപ്ഷന്‍സ് വിഭാഗത്തിലാണ് നിരക്കുവര്‍ധന ആദ്യം നടപ്പാവുക. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരികളുടെ വില മികച്ച തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷം 221 കോടി രൂപയുടെ ലാഭമാണ് ബി.എസ്.ഇ നേടിയത്. നടപ്പുവര്‍ഷത്തെ (2023-24) പ്രതീക്ഷിത ലാഭം 567 കോടി രൂപയാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യയിലെ തന്നെ ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബി.എസ്.ഇ.