ബിഎസ്ഇ പവര്‍ സൂചിക 14 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, അതിവേഗം മുന്നേറി അദാനി പവര്‍

എട്ട് ട്രേഡിംഗ് ദിവസങ്ങളിലായി 64 ശതമാനം കുതിപ്പാണ് അദാനി പവറിന്റെ ഓഹരി വിലയിലുണ്ടായത്

Update: 2022-04-02 06:33 GMT

Representational Image From Pixabay

ബിഎസ്ഇ പവര്‍ സൂചിക 14 വര്‍ഷത്തെ ഉയര്‍ന്ന നില തൊട്ടതോടെ വൈദ്യുതി ഉല്‍പ്പാദന, അനുബന്ധ കമ്പനികളുടെ ഓഹരികള്‍ വെള്ളിയാഴ്ച മുന്നേറി. അദാനി പവര്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ബിഎച്ച്ഇഎല്‍), എന്‍ടിപിസി എന്നിവയുടെ ഓഹരി വില 5 ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ പവര്‍, ടോറന്റ് പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവ 2 ശതമാനം മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു.

സെന്‍സെക്‌സ് സൂചിക 1.2 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ പവര്‍ സൂചിക 3.2 ശതമാനം നേട്ടത്തോടെ 4,171 പോയ്ന്റിലെത്തി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് പവര്‍ സൂചിക ഇന്നലെ വ്യാപാരം നടത്തിയത്. 2008 ജനുവരി ഒന്നിനാണ് പവര്‍ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയായ 4,929.34 പോയ്ന്റ് തൊട്ടത്.

ഡിമാന്റ് വര്‍ധിച്ചതാണ് പവര്‍ കമ്പനികളുടെ ഓഹരി വില ഉയരാന്‍ കാരണം. പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം മാര്‍ച്ചില്‍ 126.12 ബില്യണ്‍ യൂണിറ്റായി (ബിയു) ഉയര്‍ന്നു. വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ചില്‍ വൈദ്യുതി ഉപഭോഗം 120.63 ബില്യണ്‍ യൂണിറ്റായിരുന്നു.

കമ്പനികളില്‍ ബിഎസ്ഇയില്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത അദാനി പവര്‍ 203.55 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ എട്ട് ട്രേഡിംഗ് ദിവസങ്ങളില്‍ സ്റ്റോക്ക് 64 ശതമാനത്തിന്റെ നേട്ടമാണ് ഈ ഓഹരിയിലുണ്ടായത്. സെന്‍സെക്‌സിലെ 1.6 ശതമാനം നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 104 ശതമാനത്തിന്റെ നേട്ടവും രേഖപ്പെടുത്തി.

Tags:    

Similar News