3,900 കോടി രൂപ സമാഹരിക്കാന്‍ നീക്കവുമായി ബൈജൂസ്
ഇതോടെ എഡ്ടെക് കമ്പനിയുടെ മൂല്യം 23 ബില്യണ്‍ ഡോളറാകും;
പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ് (Byjus) 500 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 3,900 കോടി രൂപ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 23 ബില്യണ്‍ ഡോളറാകും. ഈ തുക യുഎസിലെ ഏറ്റെടുക്കലുകള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
400-500 മില്യണ്‍ ഡോളറും 250-350 മില്യണ്‍ ഡോളറും സമാഹരിക്കുന്നതിനായി അബുദാബിയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ (എസ്ഡബ്ല്യുഎഫ്), ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) എന്നിവയുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണ്. അതേസമയം, ഇക്കാര്യത്തില്‍ ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ, യുഎസിലും മറ്റ് രാജ്യങ്ങളിലുമായി വിവിധ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്. യുഎസ് ആസ്ഥാനമായുള്ള റീഡിംഗ് പ്ലാറ്റ്ഫോമായ എപ്പിക് 500 മില്യണ്‍ ഡോളറിനും കോഡിംഗ് സൈറ്റായ ടിങ്കറിനെ 200 മില്യണ്‍ ഡോളറിനും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്രേറ്റ് ലേണിംഗ്, ഓസ്ട്രിയയിലെ മാത്തമാറ്റിക്‌സ് ഓപ്പറേറ്ററായ ജിയോജിബ്ദ്ര എന്നിവയാണ് മറ്റ് ഏറ്റെടുക്കലുകള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന എഡ്എക്സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള എഡ്ടെക് സ്ഥാപനമായ 2 യുയുമായും ബൈജൂസ് സജീവ ചര്‍ച്ചയിലാണ്.
120 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ബൈജൂസിന് 7.5 ദശലക്ഷം പെയ്ഡ് ഉപഭോക്താക്കളാണുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel